Saturday, April 20, 2024
HomeNationalരാജ്യം ആകാംക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങൾ

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങൾ

നോട്ട് നിരോധനത്തിന്റെ കെടുതികള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ആശ്വാസ നടപടികളൊന്നുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടു നടത്തിയ പ്രസംഗം അങ്ങേയറ്റം നിരാശാജനകമായി. നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ പ്രയാസം സഹിച്ചു എന്ന് സമ്മതിച്ച പ്രധാനമന്ത്രി പക്ഷേ അതു കൊണ്ട് രാജ്യത്തിനുണ്ടായ നേട്ടം എന്തെന്ന് വ്യക്തമാക്കിയില്ല.

50 ദിവസം കൊണ്ട് കാര്യങ്ങളെല്ലാം ശരിയാകും എന്നു വാഗ്ദാനം ചെയ്തിരുന്ന നരേന്ദ്ര മോദിക്ക് എന്താണ് ശരിയാക്കിയതെന്നു പോലും പറയാന്‍ സാധിച്ചില്ല. നോട്ട് നിരോധനത്തിന്റെ പ്രധാന ഗുണഫലമായി പറഞ്ഞ കള്ളപ്പണ വേട്ട എത്രത്തോളം ഫലം ചെയ്തു എന്നതു സംബന്ധിച്ച ഒരു കണക്കും അദ്ദേഹം വെളിപ്പെടുത്തിയില്ല. ബാങ്കില്‍ തിരിച്ചെത്തിയ നോട്ടിന്റെ കണക്കോ, കള്ളപ്പണം വെളിപ്പെടുത്തിയതിലൂടെ നികുതി വര്‍ധവിലുണ്ടായ വര്‍ധനവോ നോട്ട് നിരോധനത്തിന്റെ നേട്ടമായി കാണിക്കാന്‍ സാധിച്ചില്ല. ഇതു സംബന്ധിച്ച ഒരു കണക്കും അദ്ദേഹം പരാമര്‍ശിച്ചില്ല. പ്രധാന മന്ത്രിക്ക് ആകെ പറയാനുണ്ടായത് ചില വായ്പ്പകളിലെ പലിശ ഇളവിനെ കുറിച്ചു മാത്രമാണ്. സാധാരണ ബജറ്റ പ്രസംഗങ്ങളില്‍ പ്രഖ്യാപിക്കുന്ന പലിശയിളവും ഭവന നിര്‍മാണ പദ്ധതികളും മാത്രമാണ് രാജ്യം കാത്തിരുന്ന പ്രസംഗത്തിലുണ്ടായത്. ഒരു മിനി ബജറ്റ് ആണ് , തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടു നടത്തിയ പ്രഖ്യാപനങ്ങള്‍, കാര്‍ഷിക-സാമ്പത്തിക മേഖലകളിലെ തളര്‍ച്ച മാറ്റാനുള്ള ശ്രമം, എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തിയേക്കുമെന്ന വ്യക്തമായ സൂചന – രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ വ്യക്തമാക്കപ്പെട്ടത് ഇക്കാര്യങ്ങള്‍.
ചെറുകിട സംരംഭകര്‍ക്കു വായ്പാപരിധി ഉയര്‍ത്തുകയും കുറഞ്ഞ വരുമാനക്കാരുടെ ഭവനവായ്പകള്‍ക്കു പലിശനിരക്കു കുറയ്ക്കുകയും ചെയ്യുന്നതോടൊപ്പം മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിരനിക്ഷേപത്തിനു പലിശ ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
അസാധുവാക്കല്‍ പ്രക്രിയയുടെ ദുരിതമേറ്റു വാങ്ങിയ സാധാരണ ജനങ്ങളോടു നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടം ശക്തമാക്കേണ്ടതുണ്ടെന്ന് ഓര്‍മിപ്പിച്ചു. കള്ളപ്പണത്തിനെതിരെ യോജിച്ചു പോരാടാന്‍ അദ്ദേഹം പ്രതിപക്ഷത്തെയും ആഹ്വാനം ചെയ്തു. അതേസമയം, നോട്ടു പിന്‍വലിക്കല്‍ മൂലം ജനം ഇപ്പോള്‍ നേരിടുന്ന ദുരിതത്തിനുള്ള പരിഹാരങ്ങള്‍ ഒന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലില്ല.
തിരഞ്ഞെടുപ്പു ചെലവുകള്‍ കുറയ്ക്കാന്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിനെപ്പറ്റി ആലോചിക്കണമെന്നാണു പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചു രാജ്യത്തെ 650 ജില്ലകളില്‍ ഗര്‍ഭിണികള്‍ക്ക് 6000 രൂപയുടെ സഹായമാണു ലഭിക്കുക. ഇത് അവരുടെ അക്കൗണ്ടുകളില്‍ നേരിട്ടു ലഭിക്കും. ആദ്യഘട്ടമായി 4000 രൂപയാണു ലഭിക്കുക. വാക്സിനേഷന്‍ അടക്കമുള്ള ചികില്‍സാ ചെലവുകള്‍ക്കു വേണ്ടിയാണിത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 7.5 ലക്ഷം രൂപ വരെയുള്ളതും 10 വര്‍ഷം വരെയുള്ളതുമായ സ്ഥിരനിക്ഷേപങ്ങള്‍ക്ക് എട്ടു ശതമാനം വരെ വാര്‍ഷിക പലിശ ലഭിക്കും.
ചെറുകിട സംരംഭകരുടെ വായ്പാപരിധി 25 ശതമാനമായി ഉയര്‍ത്തും. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കു ക്രെഡിറ്റ് ഗ്യാരന്റി ഒരു കോടിയില്‍നിന്നു രണ്ടു കോടിയാക്കും. ജില്ലാ സഹകരണ ബാങ്കുകളില്‍നിന്നും പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്നും വായ്പയെടുത്ത കര്‍ഷകര്‍ക്ക് 60 ദിവസത്തെ പലിശയിളവു നല്‍കും.
നഗരമേഖലയിലെ താഴ്ന്ന വരുമാനക്കാരുടെ ഒന്‍പതുലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്കു നാലു ശതമാനം പലിശയിളവു നല്‍കും. 12 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കു മൂന്നു ശതമാനവും പലിശ ഇളവു ലഭിക്കും. 20 ലക്ഷം രൂപ വരെ രണ്ടു ശതമാനമാവും ഇളവ്. ഗ്രാമീണമേഖലയില്‍ വീടുവയ്ക്കാന്‍ രണ്ടുലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കു മൂന്നു ശതമാനം ഇളവു നല്‍കും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം ഈ വര്‍ഷം എടുക്കുന്ന വായ്പകള്‍ക്കാണ് ഇളവു ബാധകം. ഇതേ പദ്ധതിപ്രകാരം ഗ്രാമീണമേഖലയിലെ പാവപ്പെട്ടവര്‍ക്കു 33% കൂടുതല്‍ വീടുകള്‍ നിര്‍മിക്കും.
മൂന്നുകോടി കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡുകളാക്കി മാറ്റുമെന്നും ചെറുകിട ബിസിനസുകാരെ സഹായിക്കാന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കു നികുതി ആറു ശതമാനമായി കണക്കാക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ ഇതൊക്കെ
• ഗര്‍ഭിണികള്‍ക്ക് 6000 രൂപയുടെ സഹായം. ഇത് അക്കൗണ്ടുകളിലേക്കു നേരിട്ടു ലഭിക്കും.
• ജില്ലാ സഹകരണ ബാങ്കുകളില്‍നിന്നും പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്നും വായ്പയെടുത്ത കര്‍ഷകര്‍ക്ക് 60 ദിവസത്തെ പലിശയിളവു നല്‍കും.
• ചെറുകിട സംരംഭകരുടെ ബാങ്ക് വായ്പാപരിധി 25 ശതമാനമായി ഉയര്‍ത്തി. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കു ക്രെഡിറ്റ് ഗ്യാരന്റി രണ്ടുകോടി രൂപയായി ഉയര്‍ത്തി.
• താഴ്ന്ന വരുമാനക്കാരായവരുടെ ഒന്‍പതു ലക്ഷം രൂപ വരെ ഭവനവായ്പകള്‍ക്കു നാലു ശതമാനം പലിശയിളവ് നല്‍കും. 12 ലക്ഷം രൂപ വായ്പകള്‍ക്കു മൂന്നു ശതമാനവും ഇളവു ലഭിക്കും. 20 ലക്ഷം രൂപ വരെ രണ്ടു ശതമാനവും. ഗ്രാമീണമേഖലയില്‍ വീടുവയ്ക്കാന്‍ രണ്ടുലക്ഷം രൂപ വരെ വായ്പകള്‍ക്കു 3 ശതമാനം ഇളവു നല്‍കും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമാണിത്.
• മുതിര്‍ന്ന പൗരന്‍മാരുടെ 7.5 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് എട്ടു ശതമാനം വരെ വാര്‍ഷിക പലിശ ലഭിക്കും. 10 വര്‍ഷത്തേക്കാണിത്.
• ജില്ല സഹകരണ ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും നബാര്‍ഡ് 20,000 കോടി രൂപ നല്‍കും.
• ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ വായ്പാ ആനുകൂല്യങ്ങള്‍. ബാങ്കിങ് ഇതര ധനകാര്യ കമ്ബനികള്‍ നല്‍കുന്ന വായ്പകള്‍ക്കും ഇളവുകള്‍ ബാധകം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments