Thursday, April 18, 2024
HomeKeralaമലയാറ്റൂർ കുരിശുമുടിയിൽ കപ്യാരുടെ കുത്തേറ്റു ഫാ. സേവ്യര്‍ തേലക്കാട്ട് മരിച്ചു

മലയാറ്റൂർ കുരിശുമുടിയിൽ കപ്യാരുടെ കുത്തേറ്റു ഫാ. സേവ്യര്‍ തേലക്കാട്ട് മരിച്ചു

രാജ്യാന്തര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) കുത്തേറ്റ് മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. കുരിശുമുടിയിലെ കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി വട്ടേക്കാടന്‍ എന്നയാൾ ഫാ. തേലക്കാട്ടിനെ തടഞ്ഞുനിര്‍ത്തി കത്തിയുപയോഗിച്ചു കുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് ശേഷം മലയാറ്റൂർ വനത്തിലേക്ക് ഓടിമറഞ്ഞ പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. മൂന്നുമാസം മുൻപു സ്വഭാവ ദൂഷ്യം ആരോപിച്ചു ജോണിക്കെതിരെ ഫാ. സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കപ്യാർ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തു. സ്ഥിര മദ്യപാനിയായ ഇയാൾ കപ്യാർ ശുശ്രൂഷയ്ക്കു യോഗ്യനല്ലെന്ന് സഭാ ചുമതലക്കാർ പറഞ്ഞിരുന്നു. കുരിശുമുടിയില്‍ നിന്നു താഴേയ്ക്കിറങ്ങുന്നതിനിടെ ആറാം സ്ഥലത്തിനടുത്തായിരുന്നു സംഭവം. ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രക്തം വാര്‍ന്നാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതി ജോണിയെ സ്വഭാവദൂഷ്യത്തിന്‍റെ പേരില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പു കപ്യാര്‍ ജോലിയില്‍ നിന്നു താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച ചര്‍ച്ചയ്ക്കായി എത്താന്‍ ജോണിയോടു ഫാ. തേലക്കാട്ട് ആവശ്യപ്പെട്ടിരുന്നതായും ദേവാലയ അധികൃതര്‍ അറിയിച്ചു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണു ഫാ. സേവ്യര്‍ തേലക്കാട്ട്. 1966 ഒക്ടോബര്‍ 12-നാണു ജനനം. പരേതനായ പൗലോസും ത്രേസ്യയുമാണു മാതാപിതാക്കള്‍. 1993 ഡിസംബര്‍ 27നു ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി, എറണാകുളം ബസിലിക്ക പള്ളികളില്‍ സഹവികാരി, തുണ്ടത്തുകടവ്, വരാപ്പുഴ, നായത്തോട്, ഉല്ലല, പഴങ്ങനാട് പള്ളികളില്‍ വികാരി, സിഎല്‍സി അതിരൂപത പ്രമോട്ടര്‍, പിഡിഡിപി വൈസ് ചെയര്‍മാന്‍, എറണാകുളം അമൂല്യ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഐടിസി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2011 മുതല്‍ കുരിശുമുടി റെക്ടറാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് അദ്ദേഹം നേരത്തെ ചികിത്സയിലായിരുന്നു. 2016ല്‍ എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടിയിട്ടുണ്ട്. സഹോദരങ്ങള്‍: മോളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെല്‍ന. ബന്ധുക്കള്‍ അധികവും തലശേരിയിലാണു താമസം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയിലെത്തി പ്രാര്‍ഥനാ ശുശ്രൂഷ നടത്തി. വൈദികരും വിശ്വാസികളും ഉള്‍പ്പടെ വലിയ ജനക്കൂട്ടമാണു സംഭവമറിഞ്ഞ് ആശുപത്രിയിലും മലയാറ്റൂര്‍ പള്ളിയിലും എത്തിയത്. മലയാറ്റൂരില്‍ കുരിശുമുടി തീര്‍ഥാടനത്തിന്‍റെയും വലിയ ആഴ്ച ആചരണത്തിന്‍റെയും തിരുനാളിന്‍റെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയുള്ള റെക്ടറുടെ വേര്‍പാടില്‍ അതിരൂപതയിലെ മെത്രാന്മാരും വൈദികരും വിശ്വാസിസമൂഹവും കടുത്ത ദുഃഖത്തിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments