Friday, March 29, 2024
HomeInternationalവിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു (video)

വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു (video)


അഞ്ഞൂറിലേറെ യാത്രക്കാരുമായി ലൊസാഞ്ചൽസിലേക്കു പറക്കുകയായിരുന്ന എയർഫ്രാൻസ് എ380 വിമാനം എൻജിൻ തകരാറിനെത്തുടർന്ന് കാനഡയിൽ അടിയന്തരമായിറക്കി. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു സംഭവം. പാരിസിൽ നിന്നുയർന്ന വിമാനത്തിൽ 496 യാത്രക്കാരും 24 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിന് 35,000 അടി മുകളിൽ വച്ചുണ്ടായ അപകടത്തിൽ പൈലറ്റുമാരുടെ സന്ദർഭോചിതമായ ഇടപെടലാണ് രക്ഷയായത്. യാത്ര തുടങ്ങി ഏറെ സമയം കഴിഞ്ഞപ്പോഴായിരുന്നു അപകടം. അറ്റ്‌ലാന്റിക് സമുദ്രം കടക്കവേ ആകാശത്ത് വലിയ ശബ്ദത്തോടെ എൻജിനുകളിൽ ഒരെണ്ണം പൊട്ടിത്തകരുകയായിരുന്നുവെന്നും വൻ കുലുക്കം അനുഭവപ്പെട്ടെന്നും യാത്രക്കാർ പറയുന്നു. വിറയലോടെ വിമാനം അൽപം താഴേക്കു പതിച്ചെങ്കിലും ഉടൻതന്നെ പൂർവസ്ഥിതി പ്രാപിക്കുകയായിരുന്നു. അതിനിടെ എൻജിൻ പൊട്ടിത്തെറിച്ചതായുള്ള ക്യാപ്റ്റന്റെ അറിയിപ്പും വന്നു.

വലതുവശത്തെ എൻജിനു സംഭവിച്ച തകരാറിന്റെ ചിത്രങ്ങളും വിഡിയോയും യാത്രക്കാരിൽ പലരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ എൻജിന്മേലുള്ള ലോഹാവരണം പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. എൻജിന്റെ ഫാനിലുണ്ടായ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻജിനിൽ പക്ഷി ഇടിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.

കിഴക്കൻ കാനഡയിലെ ഗൂസ് ബേ സൈനിക വിമാനത്താവളത്തിലാണ് എ380 സുരക്ഷിതമായിറക്കിയത്. ആർക്കും പരുക്കില്ല. റോയൽ കനേഡിയൻ എയർ ഫോഴ്സിനു കീഴിലുള്ള വിമാനത്താവളം അറ്റ്‌ലാന്റിക് സമുദ്രം കടക്കുന്നതിനിടെ വഴിതിരിച്ചു വിടേണ്ടി വരുന്ന വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ വിധത്തിൽ തയാറാക്കിയതാണ്.

എ380 വിമാനത്തിലെ യാത്രക്കാരെ കാനഡയിൽ നിന്ന് ഞായറാഴ്ച രാവിലെ രണ്ടു വിമാനങ്ങളിലായി ലൊസാഞ്ചൽസിലേക്കു കൊണ്ടു പോകും. ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ് എ380. എയർഫ്രാൻസിന്റെ ഉടമസ്ഥതയില്‍ ഇത്തരം 10 വിമാനങ്ങളുണ്ട്. 2010ലും ഒരു എ380 വിമാനം സിംഗപ്പൂരിൽ അടിയന്തരമായി ലാൻഡിങ് നടത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments