വീണാ ജോര്‍ജിനെതിരേയുള്ള ഹര്‍ജി : കമ്പ്യൂട്ടറടക്കമുള്ള തെളിവുകള്‍ മോഷണം പോയതായി പരാതി

വീണാ ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരേ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കിയ ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍. സോജിയുടെ വീട്ടില്‍ നിന്നും കമ്പ്യൂട്ടറടക്കമുള്ള തെളിവുകള്‍ മോഷണംപോയതായി പരാതി.
കേസുകളുടെ രേഖകളും ലാപ്‌ടോപ്പും കമ്പ്യൂട്ടര്‍ സിപിയുവും അടക്കമുള്ളവ മോഷണം പോയതായി സോജി പറഞ്ഞു. 26 ന് പട്ടാപ്പകലാണ് മോഷണം നടന്നത്. ഈ സമയത്ത് സോജിയുടെ പ്രായം ചെന്ന പിതാവ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പന്തളം പോലീസില്‍ പരാതി നല്‍കിയത് അനുസരിച്ച് വിരലടയാള വിദഗ്ധര്‍ സ്ഥലത്തു വന്നെങ്കിലും ഒറ്റ അടയാളം പോലും കിട്ടിയിരുന്നില്ല. ആസൂത്രിതമായിട്ടാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് സോജി പറഞ്ഞു. വീണാ ജോര്‍ജിനെതിരായ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയതു മുതല്‍ തനിക്കും ഈ കേസിലെ സാക്ഷികള്‍ക്കും ഭീഷണിയുണ്ടെന്ന് സോജി ആരോപിച്ചു. പുല്ലാട് സ്വദേശി ജോസഫ്, ഉള്ളന്നൂര്‍ സ്വദേശി ബാബു എന്നിവരാണ് ഹൈക്കോടതിയില്‍ സാക്ഷി പറഞ്ഞത്.
ഇവരെ ഭീഷണിപ്പെടുത്തുകയും പല രീതിയില്‍ ദ്രോഹിക്കുകയുമാണ്. ബാബുവിന്റെ സഹോദരന്‍ ചട്ടങ്ങളെല്ലാം പാലിച്ച് വീടിന് കാര്‍ പോര്‍ച്ച് നിര്‍മിക്കാനുള്ള ശ്രമം പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ എത്തി തടഞ്ഞു. റോഡില്‍ നിന്നുള്ള ദൂരപരിധി പാലിച്ചിട്ടില്ല എന്നു പറഞ്ഞായിരുന്നു ഇത്. രേഖകളെല്ലാം കാണിച്ചതോടെ എന്‍ജിനീയര്‍ പിന്മാറി. എംഎല്‍എ പറഞ്ഞിട്ടാണ് താന്‍ വന്നതെന്ന് എന്‍ജിനീയര്‍ പറയുകയും ചെയ്തുവത്രേ. ഇതിന് പിന്നാലെ പഞ്ചായത്തിലെ എന്‍ജിനീയറും സ്ഥലത്ത് വന്ന് നിര്‍മാണം തടഞ്ഞു. അദ്ദേഹവും എംഎല്‍എ പറഞ്ഞിട്ടാണ് വന്നതെന്നാണ് വീട്ടുകാരോട് പറഞ്ഞത്. ഇതിന് പുറമേ ബാബുവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരന്തരമായി ഭീഷണി മുഴക്കി വരികയാണെന്നും സോജി പറഞ്ഞു. മതമേലധ്യന്മാര്‍ വരെ സാക്ഷികളെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും സോജി ആരോപിച്ചു.
തന്റെ വീട്ടില്‍ നടന്ന മോഷണത്തിന് പിന്നില്‍ എംഎല്‍എയുടെ കൈയുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സോജിയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് വീണാ ജോര്‍ജ് എം.കെ. ദാമോദരന്‍ മുഖേനെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും കേസില്‍ വാദം തുടരുകയുമാണ്.