ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍

sreesanth

ഒത്തുകളിക്കേസില്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കായികതാരമെന്ന നിലയില്‍ മൗലിക അവകാശങ്ങളുടെ ലംഘനമാണ് ബിസിസിഐയുടെ നടപടിയെന്ന് ഹര്‍ജിയില്‍ ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്നു വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, ശ്രീശാന്തിനു ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ(ബിസിസിഐ) ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. വിലക്കു നീക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചായിരുന്നു ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. ഐപിഎല്‍ വാതുവയ്പു കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണു ശ്രീശാന്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ഐപിഎല്‍ ആറാം സീസണിലെ വാതുവയ്പു വിവാദങ്ങളെത്തുടര്‍ന്നു 2013 ഒക്ടോബര്‍ പത്തിനാണ് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരേ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ച് വിലക്ക് നീക്കിയിരുന്നു. വാതുവയ്പിനെക്കുറിച്ച് ശ്രീശാന്തിന് അറിയുമായിരുന്നെങ്കില്‍പോലും ദേശീയ, അന്തര്‍ദേശീയ ക്രിക്കറ്റില്‍നിന്നു നാലു വര്‍ഷത്തെ വിലക്ക് അനുഭവിച്ചത് ഇതിനുള്ള മതിയായ ശിക്ഷയാണെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് ശിക്ഷ ഒഴിവാക്കിയത്. എന്നാല്‍, ഇത്തരത്തില്‍ ശിക്ഷ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. 2013 മേയ് ഒന്പതിന് പഞ്ചാബ് കിംഗ്‌സ് ഇലവനും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ മൊഹാലിയില്‍ നടന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി പന്തെറിഞ്ഞ ശ്രീശാന്ത് ഒരോവറില്‍ 14 റണ്‍സ് വിട്ടു കൊടുക്കുമെന്നു വാതുവച്ചെന്നും ഇതിനു സൂചനയായി അരയില്‍ ടവ്വല്‍ തിരുകിയെന്നുമാണ് ആരോപണം. ഈ ഓവറില്‍ ശ്രീശാന്ത് 13 റണ്‍സാണ് നല്‍കിയത്.