നാട്ടുകാർ നോക്കി നിൽക്കെ യുവാവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊന്നു

fire

തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊന്നു. ഞായറാഴ്‌ചയാണ്‌ മോനടി സ്വദേശിയായ ജീതുവിനെ നാട്ടുകാർ നോക്കി നില്‍ക്കെ ഭർത്താവ്‌ വിരാജ്‌ തീകൊളുത്തുന്നത്. മാരകമായി പൊള്ളലേറ്റ യുവതിയെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. പ്രതി വിരാജ്‌ ഒളിവിലാണ്. ജീതുവും ഭര്‍ത്താവ് വിരാജും കുറച്ചു കാലമായി അകൽച്ചയിലായിരുന്നു. വിവാഹ മോചനക്കേസും നിലവിലുണ്ട്. കുടുംബശ്രീയില്‍ നിന്നുമെടുത്ത വായ്‌പ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരിലാണ്‌ ജിതുവിനെ വിരാജ് വിളിച്ചു വരുത്തിയത്. കുടുംബശ്രീയോഗത്തില്‍ വെച്ചാണ് അക്രമ സംഭവം നടക്കുന്നത്. യോഗത്തില്‍ വെച്ച് പൊടുന്നനെ മണ്ണെണ്ണയൊഴിച്ച് ജീതുവിനെ തീകൊളുത്തുകയായിരുന്നു. നാട്ടുകാർ നോക്കി നിൽക്കെയാണ്‌ തീ കൊളുത്തിയതെങ്കിലും ആളുകൾ ഭയന്ന് പിന്‍മാറുകയായിരുന്നു. വിരാജ് ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു. പൊലീസ്‌ ഇയാൾക്കായി അന്വേഷണം തുടരുകയാണ്‌.