പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ എല്ലാം ഒരുക്കിയിട്ടുണ്ട് – പിണറായി

pinarayi

കുരുന്നുകള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും എല്ലാവരും നന്നായി പഠിച്ച്‌ മിടുക്കരാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നെടുമങ്ങാട് ഗവ. എല്‍ പി സ്‌കൂളില്‍ പ്രവേശനം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സ്‌കൂള്‍ പ്രവേശനോത്സവത്തെ കണ്ടാല്‍മതിയെന്ന് പരിപാടിയില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കളിയും ചിരിയും പോലെ പഠനവും സ്വാഭാവികമായ പ്രക്രിയയാകണമെന്നും പാല്‍പ്പായസം പോലെ മധുരമുള്ളതാകട്ടെ ഈ അധ്യായനവര്‍ഷമെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി മുഖ്യാതിഥിയായി. രക്ഷിതാക്കള്‍ക്കായി എസ്‌സിഇആര്‍ടി തയ്യാറാക്കിയ ബോധവല്‍ക്കരണ കൈപ്പുസ്തകം ‘നന്മ പൂക്കുന്ന നാളേക്ക്’ ഡോ. എ സമ്ബത്ത് എംപി പ്രകാശനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണം സി ദിവാകരന്‍ എംഎല്‍എയും പുതിയ അക്കാദമിക കലണ്ടറിന്റെ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവും നിര്‍വഹിച്ചു. ശിശു സൗഹൃദ ഫര്‍ണിച്ചറിന്റെ വിതരണോദ്ഘാടനം നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും ‘ഗണിതവിജയം’ കൈപ്പുസ്തകത്തിന്റെ പ്രകാശനം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറും നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതവും സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ നന്ദിയും പറഞ്ഞു. നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ആര്‍ സുരേഷ്‌കുമാര്‍, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശരത്ചന്ദ്രന്‍, എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജി സുരേഷ്‌കുമാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.