ഭാര്യയുമായി വഴക്കുണ്ടാക്കി ഭർത്താവു തൂങ്ങി മരിച്ചു; അവസാന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു

suicide

ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗുരുഗ്രാമില്‍ ഇരുപത്തിയെട്ടുകാരന്‍ തന്റെ അവസാന ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട് തൂങ്ങിമരിച്ചു. അമിത് ചൗഹാനെന്നയാളാണ് തൂങ്ങിമരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളും ഭാര്യ പ്രീതിയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായതായി പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ കഴിഞ്ഞ ദിവസം പ്രീതി തന്റെ മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതില്‍ മനംനൊന്ത ചൗഹാന്‍ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് ബോക്കന്‍ അറിയിച്ചു. ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിന് റോത്തക്കിലെ പി.ജി.ഐ.എം.സ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തന്റെ അവസാന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കണമെന്നും ഇയാള്‍ തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ചൊവ്വാഴ്‌ച പൊലീസിനെപ്പോലും അറിയിക്കാതെ ചൗഹാന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.