ജോസ് കെ മാണി മോദി മന്ത്രിസഭയില്‍ അംഗമാകില്ല

jose-mani

പുന:സംഘടനയ്ക്ക് പിന്നാലെ താന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നുവെന്ന പ്രചരണങ്ങളെ തള്ളി കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ്(എം) എന്‍ഡിഎയുമായി ധാരണ ഉണ്ടാക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളും അദ്ദേഹം നിഷേധിച്ചു.

ബിജെപി ബാന്ധവമോ കേന്ദ്ര മന്ത്രിസഭയിലേക്കുളള പ്രവേശനമോ തന്റേയോ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടേയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധനായി ആവര്‍ത്തിക്കുകയാണ്. ഇത്തരം നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യങ്ങളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോസ് കെ മാണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

കേന്ദ്രമന്ത്രിസഭാ പുന:സംഘടനയോടെ ജോസ് കെ മാണി മോദി മന്ത്രിസഭയില്‍ അംഗമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയിലും സര്‍ക്കാരിലും നിര്‍ണായക അഴിച്ചുപണിക്കൊരുങ്ങി ഞായാറാഴ്ചയാണ് കേന്ദ്രമന്ത്രിസഭ പുന:സംഘടന നടക്കുക.