ശബരിമല വിഷയം;കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ

arrest

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ജീവനൊടുക്കാന്‍ ഒരുങ്ങിയ യുവാവ് പോലീസ് കസ്റ്റഡിയില്‍. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഭാഗമെന്ന് സ്വയം പരിചയപ്പെടുത്തിയ ശ്രീരാജ് കൈമള്‍ ആണ് പിടിയിലായത്. വിധിയില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യ ചെയ്യുകയാണെന്ന് ശ്രീരാജ് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഞാന്‍ ജീവത്യാഗം ചെയ്യുന്നു, എന്റെ അയ്യപ്പ സ്വാമിയ്ക്ക് വേണ്ടി. ഹിന്ദു സമൂഹത്തിന് വേണ്ടി എന്ന് തുടങ്ങിയ കുറിപ്പില്‍ തന്റെ ചിന്താഗതിയുള്ളവര്‍ക്ക് ഒപ്പം കൂടാമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 29 ന് ഇട്ട പോസ്റ്റില്‍ താങ്കളാഴ്ച രാവിലെ പത്തു മണിയ്ക്ക് ഹൈക്കോടതി ജംഗ്ഷനിൽ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ പോലീസ് വിളിച്ചെങ്കിലും സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടര്‍ന്ന് രാവിലെ പോലീസും ഫയര്‍ഫോഴ്‌സും ഹൈക്കോടതി പരിസരത്തെത്തി. ഇവിടെയെത്തിയ ശ്രീരാജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.