Thursday, March 28, 2024
HomeKeralaമൂന്നേ കാല്‍ കോടി രൂപയുടെ കുഴല്‍പ്പണവുമായി കോഴിക്കോടുകാർ അറസ്റ്റിൽ

മൂന്നേ കാല്‍ കോടി രൂപയുടെ കുഴല്‍പ്പണവുമായി കോഴിക്കോടുകാർ അറസ്റ്റിൽ

മൂന്നേ കാല്‍ കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ തലശേരിയില്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഓമശ്ശേരി പെരുന്തോട്ടത്തില്‍ വീട്ടില്‍ പി ടി മുഹമ്മദ് ഷാലിഖ് (26), കരുവംപൊയില്‍ പൊന്‍പാറക്കല്‍ ഇഖ്‌ബാല്‍(30)എന്നിവരെയാണ് തലശേരി പൊലിസ് അറസ്‌റ്റ് ചെയ്‌തത്. യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ തലശേരി സ്‌റ്റേഷനിലെത്തിയ യുവാക്കളെ പൊലീസും ആര്‍ പി എഫ് ക്രൈം സ്‌ക്വാഡും നടത്തിയ സംയുക്ത നീക്കത്തിലാണ് ബുധനാഴ്ച രാവിലെ കസ്‌റ്റഡിയിലെടുത്തത്.

കൊടുവള്ളിയില്‍ നിന്ന് സ്വര്‍ണം ശേഖരിച്ച് ബംഗളൂരുവില്‍ വല്‍പന നടത്തി ലഭിച്ച പണമാണെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇത് പൊലീസ് മുഖവിലക്കെടുക്കുന്നില്ല. ഇരുവരും പണം എത്തിക്കുന്ന എജന്റുമാരാണെന്ന് പോലീസ് പറഞ്ഞു. പണം കൊണ്ടുവരുന്നതിനുള്ള രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. ഷാലിഖിന് ബംഗളൂരുവില്‍ ബിസിനസാണ്. ഇഖ്‌ബാലിന് സൗദിയിലാണ് ജോലി. ചുമലിലിടാന്‍ കഴിയുന്ന മൂന്നു ബാഗുകളിലായാണ് ഇവര്‍ പണം സൂക്ഷിച്ചത്.
ലഹരി വസ്‌തുക്കളാണെന്ന് കരുതിയാണ് ഇവ കസ്‌റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പണമാണെന്ന് കണ്ടെത്തിയത്. മൂന്നുകോടി ഇരുപത്തിയഞ്ച് ലക്ഷത്തി നാല്പത്തി നാലായിരം രൂപ ബാഗുകളില്‍ നിന്ന് ലഭിച്ചു. തലശേരി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പണം പരിശോധന നടത്തിയത്. 2000, 500, 100 രൂപ നോട്ടുകളാണ് എല്ലാം.

കള്ളനോട്ടാണോ എന്നുപരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പണം പിടികൂടിയതിനെക്കുറിച്ച് തലശേരി പോലീസ് എന്‍ഫോഴ്‌സ്‌മെന്റിന് വിവരം കൈമാറിയിട്ടുണ്ട്. തലശേരി സി ഐ കെ ഇ പ്രേമചന്ദ്രന്‍, എസ് ഐ അനില്‍കുമാര്‍, ഡി വൈ എസ് പിയുടെ സ്‌ക്വാഡിലെ എ എസ് ഐ അജയന്‍, ബിജുലാല്‍, വിനോദ്, സുജേഷ്, ആര്‍. പി.എഫ് ക്രൈം സ്‌ക്വാഡ് എ എസ് ഐ സുനില്‍കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ ദേവരാജ്, ജയചന്ദ്രന്‍, ബിനു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments