കോഴഞ്ചേരിയിൽ ‘പാർക്കാൻ’ ഇടമില്ല

kozhencherry

വാഹനപ്പെരുപ്പവും റോഡുകളുടെ ഞെരുക്കവും മൂലം ഗതാഗതം തടസപ്പെടുന്നത് കോഴഞ്ചേരിയിൽ എത്തുന്നവർക്കു പുതുമയല്ലാതായി. റോഡ് നവീകരണങ്ങൾക്കാകട്ടെ ഒച്ചിഴയും വേഗം. ദിവസവും മണിക്കൂറുകൾ ഇടവിട്ട് ടൗണിലും പരിസരഭാഗങ്ങളിലും ഗതാഗതം തടസപ്പെടുന്നതു പതിവായിട്ടുണ്ട്. ടൗണിലേക്ക് പത്തനംതിട്ട, ആറന്മുള ഭാഗങ്ങളിൽ നിന്നു വരുന്നവർ തെക്കേമലയിലും തിരുവല്ലയിൽ നിന്നുള്ളവർ നെടുംപ്രയാർ ജംക്‌ഷനിലുമാണ് കുരുക്കിൽപെടുന്നത്. ഗതാഗത പ്രശ്നം രൂക്ഷമാകുന്നതു രാവിലെ 11നു മുമ്പും വൈകിട്ട് മൂന്നിനു ശേഷവുമാണ്. ജില്ലാ ആശുപത്രിയിലേക്കു രോഗികളുമായി എത്തുന്നവരും കോട്ടയം ഭാഗത്തേക്കു പോകേണ്ട ആംബുലൻസുകളും ദിവസവും കുരുക്കിൽപെടുന്നുണ്ട്. റോഡിന്റെ വീതിക്കുറവു കാരണം മുമ്പിലുള്ള വാഹനങ്ങളെ മറികടന്നു പോകാനും കഴിയുന്നില്ല. ടൗണിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ്ങിനു പ്രത്യേക ഇടമില്ലാത്തതു പ്രധാന റോഡിലെ ഗതാഗതക്കുരുക്കിനു കാരണമാകുന്നു. റോഡിലേക്ക് കയറ്റി വാഹനം നിർത്തിയിട്ടു പോകുന്നവരും അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നവരും മറ്റുമാണ് മറ്റു യാത്രക്കാർക്ക് തലവേദനയാകുന്നത്. വാഹന പാർക്കിങ്ങിനു പ്രത്യേക സ്ഥലം കണ്ടെത്തി നൽകാൻ അധികൃതർക്കു പദ്ധതിയുണ്ടെങ്കിലും സ്ഥലം കിട്ടാൻ മാർഗമില്ലാത്തതാണ് വിലങ്ങുതടി. പാർക്കിങ്ങിന് പഞ്ചായത്തിനു ചൂണ്ടിക്കാട്ടാനുള്ള ഏക ഇടം ഇപ്പോൾ വണ്ടിപ്പേട്ട മാത്രമാണ്. ഇവിടെ ടാക്സി വാഹനങ്ങളാണ് ഇപ്പോഴുള്ളത്. സ്വകാര്യ വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. സ്ഥലപരിമിതി കാരണം കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളാനാവുന്നില്ല. എന്നാൽ, അനധികൃത കച്ചവടങ്ങളും വഴിവാണിഭ സംഘങ്ങളും ഇവിടെ ‘പാർക്ക്’ ചെയ്യുന്നതും കാണാം. നോ പാർക്കിങ് ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുക, ജനത്തിരക്കിനിടയിൽ വാഹനങ്ങൾ നിർത്തിയിട്ടിട്ട് ഒന്നുമറിയാത്ത വിധത്തിൽ പോകുക, വൺവേ ലംഘനം തുടങ്ങിയവയാണ് ടൗണിലെ കുരുക്ക് മുറുകുന്നതിലെ പ്രധാന വില്ലന്മാർ. കോളജ് ജംക്‌ഷനിൽ നിന്നു വൺവേ ലംഘിച്ച് പൊയ്യാനിൽ ജംക്‌ഷനിലേക്കു വേഗത്തിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ ‘ലൈറ്റിട്ട്’ എത്തുന്നതും വലിയ പാലത്തോടു ചേർന്ന് ഇത്തിരിപ്പോന്ന സ്ഥലത്ത് വാഹനങ്ങൾ കുത്തിക്കയറ്റി പാർക്ക് ചെയ്യുന്നതും നിയമലംഘനമായിട്ടും നടപടിയെടുക്കാൻ ആരുമെത്തുന്നില്ല. കുരുക്കിലേക്ക് എത്തിക്കുന്ന യാത്രക്കാരുടെ ഇത്തരത്തിലുള്ള ഇഷ്ട യാത്രകളും അധികാരികൾ ശ്രദ്ധിക്കണമെന്നാണാവശ്യം. കുരുക്ക് മുറുക്കുന്നവർ ഗതാഗതക്കുരുക്കിൽപെട്ട ഒരു വാഹനനിരയിൽ തനിക്കു മാത്രം കടന്നുപോകണം, പിന്നാലെയുള്ളവർ തിരുകി കയറ്റും. ഗതാഗതക്കുരുക്ക് അഴിച്ചെടുക്കാൻ കഴിയാത്തവിധം സങ്കീർണമാക്കുന്ന ഒട്ടേറെ പേരെ നിത്യവും കാണാം. ഇടതുവശത്തു കൂടി വാഹനങ്ങളെ മറികടക്കരുതെന്ന പ്രാഥമിക നിയമം പോലും ആരും പാലിക്കാറില്ല.