Friday, April 19, 2024
HomeKeralaറിലയന്‍സിനെ സഹായിച്ച സർക്കാരിന് നഷ്ടം 20 കോടി

റിലയന്‍സിനെ സഹായിച്ച സർക്കാരിന് നഷ്ടം 20 കോടി

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിന് കോടികളുടെ നഷ്ടം വരുത്തി റിലയന്‍സിന് കയ്യയച്ച് സഹായിച്ച് സംസ്ഥാന സര്‍ക്കാര്‍. അദാനി ഗ്രൂപ്പിനു സഹായം നല്‍കിയതിന് പിറകെയാണ് റിലയന്‍സ് ജിയോയ്ക്കും സംസ്ഥാന സര്‍ക്കാരിന്റെ മനസ്സറിഞ്ഞുള്ള ഇളവ്. ജിയോയുടെ കേബിളുകള്‍ ഇടുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള തുകയിലാണു കുറവു വരുത്തിയത്. റിലയന്‍സിന് ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതു നടപ്പാകുന്നതോടെ കൊച്ചി കോര്‍പറേഷന് 20 കോടി രൂപയുടെ നഷ്ടമുണ്ടാവും. കൊച്ചി നഗരപരിധിയില്‍ 241 കിലോ മീറ്റര്‍ റോഡാണു ജിയോ കേബിളുകള്‍ സ്ഥാപിക്കാനായി വെട്ടിപ്പൊളിക്കുന്നത്. ഇതു പൂര്‍വസ്ഥിതിയിലാക്കാന്‍ ജല അതോറിറ്റി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നു കോര്‍പറേഷന്‍ ചതുരശ്ര മീറ്ററിന് 5,930 രൂപ വീതം ഈടാക്കുന്നുണ്ട്. എന്നാല്‍ ഈ നിരക്ക് ജിയോയ്ക്ക് 3,868 രൂപയായി ഇളവു ചെയ്തു കൊടുക്കണമെന്നാണു സര്‍ക്കാരിന്റെ ഉത്തരവ്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കും സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. പൊതുതാല്‍പര്യമുളള പദ്ധതിയായതിനാലാണ് ഇളവെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. സ്വകാര്യ സംരംഭമായ റിലയന്‍സ് ജിയോയ്ക്കു ഇളവു നല്‍കിയതിന് വിശദീകരണം നല്‍കുക പക്ഷേ എളുപ്പമാവില്ല. കോര്‍പ്പറേറ്റുകളെ വഴിവിട്ട് സഹായിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments