വീടിനു മുൻപിൽ സിഗരറ്റ് വലി; ചോദ്യം ചെയ്ത 32-കാരനെ കൊന്നു

cigaratte

സിഗരറ്റ് വലിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് അജ്ഞാതര്‍ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നു. ബാംഗ്ലൂരുവില്‍ തന്റെ വീടിന് മുന്‍പില്‍ വെച്ചാണ് 32 വയസ്സുകാരനായ ഹരീഷ് എന്ന യുവാവ് അജ്ഞാതരുടെ കൊലക്കത്തിക്കിരയായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 യോടെയായിരുന്നു സംഭവം. തന്റെ വീടിന് പുറത്തുള്ള റോഡില്‍, അനാവശ്യമായി ശബ്ദം ഉണ്ടാക്കിയവരെ ചോദ്യം ചെയ്യാന്‍ പോയതായിരുന്നു ഹരീഷ്. അപ്പോഴാണ് അവിടെ മദ്യ ലഹരിയിലായ 4 യുവാക്കള്‍ സിഗരറ്റ് വലിക്കുന്നതായി ഹരീഷിന്റെ ശ്രദ്ധയില്‍ പെട്ടത്. രോഷാകുലനായ യുവാവ് ഇവരെ സ്ഥലത്ത് നിന്നും ഓടിച്ചു വിട്ടു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം കൂടുതല്‍ ആളുകളേയും കൂട്ടി വന്ന ചെറുപ്പക്കാര്‍ ഹരീഷുമായി തര്‍ക്കത്തിലേര്‍പ്പെടുകയും കത്തി ഉപയോഗിച്ച് വയറിന് കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഹരീഷിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.