ചൈനീസ് ബഹിരാകാശ നിലയം പസഫിക്ക് സമുദ്രത്തില്‍ പതിച്ചു

chinese space ship

നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ് പസഫിക്ക് സമുദ്രത്തില്‍ പതിച്ചു. പുലര്‍ച്ചെ 3 മണിയോടെയാണ് ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ 00.15 ഓടെ ടിയാന്‍ഗോങ് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചുവെന്ന് ചൈനീസ് ബഹിരാകാശ ഗവേഷകര്‍ അറിയിച്ചിരുന്നു. ഓര്‍ബിറ്റ് അനാലിസിസ് സാങ്കേതികവിദ്യയിലൂടെ യു എസും ടിയാന്‍ഗോങ്-1 ന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ചിരുന്നു.വടക്കു പടിഞ്ഞാറന്‍ താഹിതിയിലേക്ക് ബഹിരാകാശ നിലയം യാത്ര ആരംഭിച്ചതായി ശാസ്ത്രഞ്ജന്‍ ജൊനാഥന്‍ മക്ഡോവല്‍ ട്വീറ്റ് ചെയ്തു. അന്തരീക്ഷത്തില്‍ പ്രവേശിച്ചതോടെ നിലയത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തിയമര്‍ന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി 11.20നു ശേഷം എപ്പോള്‍ വേണമെങ്കിലും നിലയം ഭൂമിയിലേക്കു പതിക്കാമെന്നു ചൈന നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ഭൂമിയുടെ 179 കിലോമീറ്റര്‍ ഉയരത്തില്‍ പേടകം എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബഹിരാകാശ നിലയം അപകട സാധ്യതയുണ്ടാക്കുന്നതല്ലെന്ന് ചൈനീസ് അധികൃതര്‍ നേരത്തെ അറയിച്ചിരുന്നു. ഇതിനകം തന്നെ ബഹിരാകാശ പേടകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രാജ്യാന്തര ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. 2011 ലാണ് ചൈന ടിയാന്‍ഗോങ്ങ് വിക്ഷേപിച്ചത്. ചൈനീസ് ബഹിരാകാശയാത്രികര്‍ക്കു പരീക്ഷണങ്ങള്‍ നടത്താനുള്ള വേദിയാകുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ 2013ല്‍ ചൈന ഈ നിലയത്തിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. തുടര്‍ന്ന് 2016ല്‍ ടിയാന്‍ഗോങിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നു സ്ഥിരീകരിണവും ഉണ്ടായി.