പീഡനമല്ല , പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു – മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍

AKBAR

മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ തനിക്കെതിരെ വന്ന ലൈംഗിക ആരോപണത്തിന് വിശദീകരണവുമായി രംഗത്തെത്തി. ന്യൂയോർക്കിലെ നാഷണൽ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോർട്ടറായ പല്ലവി ഗോഗോയ് ആണ് അക്ബറിൽ നിന്നുണ്ടായ പീഡനത്തെക്കുറിച്ച് തുറന്നെഴുതിയത്. ‘വാഷിംഗ്ടൺ പോസ്റ്റ്’ ദിനപത്രമാണ് പല്ലവി ഗൊഗോയിയുടെ കോളം പ്രസിദ്ധീകരിച്ചത്.

പല്ലവി ഗൊഗോയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു അതെന്നുമാണ് അക്ബര്‍ പ്രതികരിച്ചത്. 1994ല്‍ പരസ്പര സമ്മതത്തോടെയാണ് ബന്ധത്തിലേര്‍പ്പെട്ടത്, ഇത് മാസങ്ങളോളം നീണ്ടു. പിന്നീട് തന്റെ കുടുംബ ജീവിതത്തെയടക്കം ഇത് മോശമായി ബാധിച്ചു. അങ്ങനെയാണ് ആ ബന്ധം അവസാനിക്കുന്നത്. എന്നാല്‍ നല്ല രീതിയിലായിരുന്നില്ല ആ ബന്ധത്തിന്റെ അന്ത്യമെന്നും അദ്ദേഹം പറഞ്ഞു. പല്ലവി സമ്മര്‍ദ്ദത്തിലായിരുന്നോ ജോലി ചെയ്തതെന്ന് തങ്ങളുടെ സഹപ്രവര്‍ത്തകരോട് ചോദിച്ചാല്‍ അറിയാമെന്നും അക്ബര്‍ പറഞ്ഞു. അതേസമയം, അക്ബറിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച്‌ ഭാര്യ മല്ലിക അക്ബര്‍. ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുൻപ് പല്ലവി ഗൊഗോയ് തങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

അര്‍ധരാത്രിയില്‍ പലപ്പോളും അവരുടെ കോളുകള്‍ വന്നിരുന്നു. പൊതുസ്ഥലത്ത് അവര്‍ കാണിച്ച അടുപ്പമാണ് ഇവരുടെ ബന്ധത്തെക്കുറിച്ച്‌ താന്‍ അറിയാന്‍ ഇടയായത്. ഇക്കാര്യത്തില്‍ ഭര്‍ത്താവുമായി വഴക്കു ഉണ്ടാക്കിയിരുന്നു. അതേ തുടര്‍ന്നാണ് അദ്ദേഹം കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും മല്ലിക പറഞ്ഞു.

ഏഷ്യന്‍ ഏജില്‍ ജോലി ചെയ്തിരുന്ന സമയത്തെ സംഭവത്തെക്കുറിച്ചാണ് എംജെ അക്ബറിനെതിരെ ഏറ്റവും ഒടുവില്‍ ഉയര്‍ന്ന ലൈംഗികാരോപണം. 22 വയസ് പ്രായമുള്ളപ്പോഴാണ് ഏഷ്യന്‍ ഏജില്‍ താന്‍ മാധ്യമപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിക്കുന്നതെന്നും ജോലിയുടെ ഭാഗമായി ജയ്പൂരിലേക്ക് പോയപ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിപ്പിച്ച്‌ പീ‍ഢിപ്പിച്ചുവെന്നാണ് എംജെ അക്ബറിനെതിരെയുള്ള പ്രധാന ആരോപണം.അന്ന് നടന്ന സംഭവം പോലീസില്‍ അറിയിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും അവര്‍ കുറിക്കുന്നു.

സുഹൃത്തുക്കളുമായി ഈ സംഭവം പങ്കുവെച്ചപ്പോള്‍ അ വരില്‍ പലര്‍ക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗോഗോയ് കുറിക്കുന്നു. മറ്റ് സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നുവെന്നും ലണ്ടനിലെ ഓഫീസില്‍ വച്ച്‌ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇത് സഹിക്കാന്‍ കഴിയാതെ രാജിവെച്ച്‌ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് അവര്‍ ആരോപിക്കുന്നത്.

‘ഇന്ന് ഇത് തുറന്നുപറയുന്നത് ഞാൻ ഒരു അമ്മയായതുകൊണ്ടാണ്. 23 വർഷം മുമ്പുണ്ടായ ദുരനുഭവങ്ങൾ ഞാൻ പതുക്കെ മറക്കാൻ ശ്രമിച്ചു. കഠിനാധ്വാനം കൊണ്ട് ഇപ്പോഴുള്ള സ്ഥാനത്തെത്തി. എന്നാൽ അക്ബറിനെതിരെ ആരോപണങ്ങളുന്നയിച്ച് നിരവധി സ്ത്രീകൾ രംഗത്തുവന്നത് ഞാൻ കണ്ടു. അവർക്കെതിരെ കേസ് നൽകിയിരിക്കുകയാണ് അക്ബർ. തന്‍റെ അധികാരം ഉപയോഗിച്ചാണ് അക്ബർ എന്നെ ചൂഷണം ചെയ്തത്. തുറന്നു പറഞ്ഞ സ്ത്രീകൾക്കെല്ലാം എന്‍റെ പിന്തുണയുണ്ട്. ഇനിയൊരാൾക്കും ഈ അനുഭവം ഉണ്ടാകരുത്.’ പല്ലവി പറയുന്നു.