പെട്രോള്‍, ഡീസല്‍ വില ഉടൻ കുതിച്ചുയരും

petrol pump

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും കൂടി. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് വിലയേറ്റത്തിന് കാരണമായതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മധ്യത്തിന് ശേഷം വിപണിയില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബാരലിന് 67.29 ഡോളറിന് മുകളിലാണിപ്പോള്‍. ഒരു വര്‍ഷത്തിനിടെ 40 ശതമാനമാണ് അസംസ്‌കൃത എണ്ണവില കൂടിയത്. 2016 നവംബര്‍ അവസാനം ബാരലിന് 48 ഡോളറായിരുന്ന വിലയാണ് 67 ഡോളറിന് മുകളിലെത്തിയിരിക്കുന്നത്. ഉത്പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചതും വിലകൂടാന്‍ പ്രധാന കാരണമായി. വില കുതിക്കാന്‍ തുടങ്ങിയതോടെ രാജ്യത്തെ എണ്ണക്കമ്പനികള്‍ സമ്മര്‍ദത്തിലായി. കമ്പനികളുടെ ലാഭത്തെ വിലവര്‍ധന കാര്യമായി ബാധിക്കും. ഇത് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ധനയ്ക്കും ഇടയാക്കും. 2018 അവസാനത്തോടെ എണ്ണവില ബാരലിന് 80 ഡോളറിലേയ്ക്ക് കുതിച്ചേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.ഒപെക് കൂട്ടായ്മയിലെ അംഗരാജ്യങ്ങളും കൂട്ടായ്മക്ക് പുറത്തുള്ള റഷ്യ ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളും ഉല്‍പാദനം നിയന്ത്രിച്ചതും നിയന്ത്രണ കാലാവധി 2018 ഡിസംബര്‍ വരെ നീട്ടിയതും വില വര്‍ധനവിന് മറ്റൊരു കാരണമായി. എന്നാല്‍ ചൊവ്വാഴ്ചയുണ്ടായ വില വര്‍ധനവിന് പ്രധാന കാരണം ഒപെകിലെ പ്രമുഖ അംഗരാജ്യമായ ഇറാന്റെ ഭരണ പ്രതിസന്ധിയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാന്‍ പ്രതിസന്ധി നീളുകയാണെങ്കില്‍ എണ്ണ വിപണിയില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കാനും വില വീണ്ടും വര്‍ധിക്കാനും സാധ്യതയുണ്ടെന്നും വിദഗ്ധരുടെ പ്രവചനത്തില്‍ പറയുന്നു. ക്രൂഡ് വില കുതിച്ചതോടെ ബിഎസ്ഇ ഓയില്‍ ആന്റ് ഗ്യാസ് സൂചികയിലെ എണ്ണക്കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍ പിന്നിലായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നഷ്ടത്തിലായപ്പോള്‍ ബിപിസിഎല്‍ മാത്രമാണ് പിടിച്ചുനിന്നത്.