ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തി വിറ്റ വിവാദം; ന്യായീകരണവുമായി സക്കർബർഗ്

mark zuckerberg

ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വീണ്ടും ന്യായീകരണവുമായി മാർക് സക്കർബർഗ്. അഞ്ചു കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങൾ ഫെയ്സ്ബുക്കിന്റെ ആപ് ഡെവലപർ ചോർത്തി. തുടർന്ന് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയ്ക്കു ഇത് വിറ്റതാണു വിവാദത്തിനു തീ കൊളുത്തിയത്. ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് ചോർത്തിയ ഡേറ്റ ഉപയോഗിച്ചതായും സിഎയിലെ മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വൈലി പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഫെയ്സ്ബുക്കിന്റെ ‘പോരായ്മകൾ’ പരിഹരിക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്നാണു സക്കർബർഗ് പറയുന്നത്. ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗിച്ചുള്ള കമ്പനിയുടെ ബിസിനസ് മോഡലിനെയും സക്കർബർഗ് ന്യായീകരിച്ചാണ്‌ കാര്യങ്ങൾ വ്യക്തമാക്കിയത്. വിമർശന ശരം തൊടുത്ത ആപ്പിൾ സിഇഒ ടിം കുക്കിനെതിരെ സക്കർബർഗ് ആഞ്ഞടിക്കുകയും ചെയ്തു. ജനങ്ങൾ തമ്മിലുള്ള ‘ബന്ധം’ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഇതുവരെ ഫെയ്സ്ബുക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇതിനു വേണ്ടി രൂപം നൽകിയ ഫെയ്സ്ബുക്കിന്റെ സാങ്കേതിക വിദ്യ തെറ്റായ കാര്യങ്ങൾക്കു വേണ്ടി ദുരുഉപയോഗപ്പെടുത്തിയത് ശ്രദ്ധിയിൽ പെട്ടില്ല . ഇതുപോലെയുള്ള തെറ്റായ പ്രവണതകൾക്ക് പരിഹാരം ഉണ്ടാക്കാൻ ഇനിയും വർഷങ്ങളെടുക്കുമെന്നു സക്കര്‍ബർഗ് പറഞ്ഞു . ആറു മാസത്തിനകം എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നാണു തന്റെ ആഗ്രഹം. എന്നാൽ ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഒരുപാട് സമയമെടുക്കും. ജനങ്ങളുടെ ഡേറ്റ വിറ്റു കാശുണ്ടാക്കുന്ന ‘ബിസിനസ് മോഡലാ’ണ് ഫെയ്സ്ബുക്കിനു തിരിച്ചടിയായതെന്നായിരുന്നു ടിം കുക്കിന്റെ വിമർശനം. താനൊരിക്കലും സക്കർബർഗിന്റെ അവസ്ഥയിലേക്കെത്തില്ലെന്നും കുക്ക് പറഞ്ഞു. ‘ആപ്പിൾ ഉൽപന്നങ്ങളാണു വിൽക്കുന്നത്. ഫെയ്സ്ബുക്കാകട്ടെ പരസ്യവരുമാനം വഴിയാണു ജീവിക്കുന്നത്. ഞങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ കോടിക്കണക്കിനു ഡോളറുണ്ടാക്കാം. പക്ഷേ ഞങ്ങളത് ചെയ്യില്ല…’ എന്നായിരുന്നു കുക്കിന്റെ വാക്കുകൾ. അതിനുള്ള സക്കർബർഗിന്റെ മറുപടി ഇങ്ങനെ– ‘ലോകത്തിലെ എല്ലാ ജനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാനുള്ള ഒരു സേവനത്തിനു രൂപം നൽകുമ്പോൾ അതു സ്വന്തമാക്കാൻ കയ്യിൽ പണമില്ലാത്തവരെക്കൂടി മനസ്സിൽ കാണേണ്ടതുണ്ട്. അത്തരക്കാർക്കുവേണ്ടി പരസ്യങ്ങളാൽ അധിഷ്ഠിതമായ ഒരു ബിസിനസ് മാതൃക സ്വീകരിക്കേണ്ടി വരും’.