പ്ലസ്ടു പരീക്ഷയിൽ ഹ്യുമാനിറ്റീസിൽ ഒന്നാം റാങ്ക് നേടിയ ആളെ അറസ്റ്റ് ചെയ്തു

ബിഹാർ ഹയർ സെക്കൻഡറി ബോർഡ് നടത്തിയ പ്ലസ്ടു പൊതുപരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഷയത്തിൽ ഒന്നാം റാങ്ക് നേടിയ ആളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗണേഷ് കുമാർ എന്ന ഒന്നാം റാങ്കുകാരന്റെ പരീക്ഷാ ഫലം റദ്ദാക്കിയെന്നും ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് അറിയിച്ചു. ഒന്നാം റാങ്ക് നേടിയ ഗണേഷ് മാധ്യമങ്ങൾ അഭിമുഖത്തിന് എത്തിയപ്പോൾ അടിസ്ഥാനപരമായ പല ചോദ്യങ്ങൾക്കും തെറ്റായ മറുപടിയാണ് നൽകിയത്.

ഇയാളുടെ പെരുമാറ്റത്തിലും സംശയമുണ്ടായിരുന്നു. പരീക്ഷയിൽ കൃത്രിമത്വം കാണിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ഫലം റദ്ദാക്കുന്നുവെന്നും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചുവെന്നുമുള്ള വാർത്തകൾക്ക് പിന്നാലെയാണ് അറസ്റ്റ്.

ഒന്നാം റാങ്ക് നേടിയ ഗണേഷ് കുമാറിന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍ എത്തിയപ്പോഴാണ് ഇയാളെ കാണാനില്ലെന്ന വാര്‍ത്ത പുറത്തായത്. 1993 ജൂണ്‍ രണ്ടിനാണ് ഗണേഷിന്റെ ജനനം എന്നാണ് അഡ്മിഷൻ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 24 വയസ് പ്രായമുള്ള ആളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇയാളുടെ പത്താം ക്ലാസിലെ ഫലവും കൃത്രിമമാണ് എന്നാണ് സംശയിക്കുന്നത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള വിദ്യാർഥിയെ ഈ വർഷം ഒന്നാമാതായി പ്രഖ്യാപിക്കാൻ വിദ്യാലയം തീരുമാനിച്ചു.