യോഗി ആദിത്യനാഥിന് കുളിക്കാന്‍ 16 മീറ്റര്‍ നീളമുള്ള സോപ്പ് !

adhithyanath

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കുളിക്കാന്‍ 16 മീറ്റര്‍ നീളമുള്ള സോപ്പ് ഉണ്ടാക്കി നല്‍കുമെന്ന് ദളിത് സംഘടന. ഗുജറാത്തില്‍ പുതിയതായി രൂപം കൊണ്ട ദളിത് സംഘടനയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് കച്ചകെടുന്നത്.

കഴിഞ്ഞദിവസം യോഗിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ദളിതര്‍ക്ക് വൃത്തിയാകാന്‍ സോപ്പും ഷാമ്പുവും നല്‍കിയിരുന്നു.ഇത് വലിയ വിവാദമാകുകയും യോഗിയുടെയും സര്‍ക്കാരിന്റെയും നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനെതിരായിട്ടാണ് ഈ വ്യത്യസ്തതരം പ്രതിഷേധം.

ജനങ്ങളെ വേര്‍തിരിച്ച് കാണുന്ന മുഖ്യമന്ത്രി യോഗിയുടെ വൃത്തികെട്ട മനസ്സിന്റെ നാറ്റം മാറാനായി 16 മീറ്റര്‍ നീളമുള്ള സോപ്പ് നിര്‍മ്മിച്ച് അയച്ചു കൊടുക്കുവാനാണ് ദളിത് സംഘടനയുടെ തീരുമാനം. ദളിതരെ കാണുന്നതിനു മുമ്പായി സ്വയം വൃത്തിയാകാനാണ് മുഖ്യമന്ത്രിയ്ക്ക് സോപ്പ് അയച്ചു കൊടുക്കുന്നതെന്ന് ഡോ.അംബേദ്കര്‍ വചന്‍ പ്രതിബന്ധ് എന്ന സംഘടന വ്യക്തമാക്കി.

സോപ്പ് നിര്‍മാമം തുടങ്ങിയെന്നും ജൂണ്‍ ഒമ്പതിന് അഹമ്മദാബാദില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സോപ്പ് പ്രദര്‍ശിപ്പിക്കുമെന്നും സംഘടന അറിയിച്ചു. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ അദ്ദേഹത്തിനുള്ളിലെ ജാതിചിന്തയെ വിളിച്ചോതുന്നുണ്ടെന്നും അതിനാല്‍ ശുദ്ധീകരിക്കേണ്ടത് യോഗിയുടെ മനസിനെയാണെന്നും സംഘടന പറയുന്നു.

പൊതുപ്രദര്‍ശനത്തിന് ശേഷം സോപ്പ് പാക്ക് ചെയ്ത് ലക്‌നൗവില്‍ ആദിത്യനാഥിന് അയച്ചുകൊടുക്കാനാണ് തീരുമാനം.സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വാല്‍മികി സമുദായത്തിലെ സ്ത്രീയാണ് സോപ്പ് നിര്‍മിക്കുന്നതെന്നും ദളിത് വിഷയങ്ങളില്‍ മൗനം പാലിക്കുന്ന പല ദളിത് എംപിമാര്‍ക്കും ചോദ്യാവലി തയ്യാറാക്കി അയച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

യുപിയില്‍ ബിജെപി അധികാരത്തില്‍ എത്തിയശേഷം ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്. ദളിത് അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നവ്‌സര്‍ജന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ കീറിത്ത് റാത്തോഡും കാന്തിലാല്‍ പര്‍മാറുമാണ് പുതിയ സംഘടനയുടെ നേതാക്കള്‍.