പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഹാനാനൊപ്പം ഫേസ്ബുക്ക് ലൈവിട്ട യുവാവിനെതിരെ പ്രതിഷേധം(video)

കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹാനാനൊപ്പം ഫേസ്ബുക്ക് ലൈവിട്ട യുവാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് ലൈവിട്ട കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തി. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ് ലൈവ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ലൈവിടുന്നതിന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിലക്കിയിട്ടും ഇയാള്‍ തുടരുകയായിരുന്നു. കോളേജ് യൂണിഫോമില്‍ മീന്‍ വില്പന നടത്തി ശ്രദ്ധേയയായ ഹനാന്റെ അപകട വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഇന്ന് രാവിലെ ആറരയോടെ ദേശീയപാത 17ല്‍ കൊടുങ്ങല്ലൂര്‍ കോതപറമ്ബ് ടൂവീലര്‍ വര്‍ക്ക്‌ഷോപ്പിന് എതിര്‍വശത്ത് വച്ചാണ് അപകടം. അശ്രദ്ധമായി കാറിന് മുന്നിലേക്ക് ചാടിയ സൈക്കിള്‍ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവര്‍ കാര്‍ വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് ഐ ടെന്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. ആശുപത്രി കിടക്കയില്‍ വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പകര്‍ത്തിയത്. സംസാരിക്കാന്‍ പാടുപെടുന്ന ഹാനാനോട് അപകടത്തെ കുറിച്ച്‌ വിവരിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നു.