സേവാഭാരതിയുടെ വ്യാജ അവകാശവാദത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

sevabharathi

സേവാഭാരതിയുടെ വ്യാജ അവകാശവാദത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിപ്പിച്ചിരുന്ന സംഭവത്തിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.പ്രളയബാധിത മേഖലയായ ചെങ്ങന്നൂരില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ജലശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു അവകാശവാദം. ഇത് ഗുജറാത്തില്‍ നിന്ന് സേവാഭാരതി എത്തിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ട് 15 ദിവസത്തിലധികമായി എന്നും, ഇതുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും പറഞ്ഞായിരുന്നു സംഘപരിവാറിന്റെ നുണപ്രചരണം. എബിവിപി മുന്‍ ദേശീയ എക്‌സികൂട്ടീവ് അംഗമായിരുന്ന കെ കെ മനോജിന്റെ ഫേസ്‌ബുക്ക് പേജില്‍ ആയിരുന്നു ഇത് പോസ്റ്റ് ചെയ്തിരുന്നത്. സേവഭാരതി ചെയ്തതാണെന്ന് പറഞ്ഞതില്‍ സംശയം തോന്നിയ സോഷ്യല്‍ മീഡിയകൂട്ടം സംഭവം ഏറ്റെടുത്തതോടെയാണ് സത്യം പുറത്ത് വരുന്നത്. ഇവര്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള ജലശുദ്ധീകരണ ബസുകളില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ഭാരത് സര്‍ക്കാര്‍ എന്നു അലേഖനം ചെയ്തിരിക്കുന്നത് കാണാം.ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയുടെ (സിഎസ്‌ഐആര്‍) കീഴിലുള്ള സിഎസ്‌എംസിആര്‍ഐ യുടെ സഞ്ചരിക്കുന്ന ജലശുദ്ധീകരണ സംവിധാനങ്ങളുടെ ചിത്രങ്ങളായിരുന്നു യഥാര്‍ത്ഥത്തില്‍ അവ. ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയുടെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്‌ളിനറി സയന്‍സ് അന്‍ഡ് ടെക്‌നോളജിയുടെ ( സിഎസ്‌ഐആര്‍ -എന്‍ഐഐസ്ടി ) ഡയറക്ടര്‍ ഡോ.അജയ്ഘോഷിന്റെ നേതൃത്വത്തില്‍ എന്‍ഐഐഎസ്ടിയിലെ സ്റ്റാഫും വിദ്യാര്‍ത്ഥികളും പ്രളയക്കെടുതിയില്‍ ആയിരുന്നവര്‍ക്ക് സഹായഹസ്തങ്ങളുമായി എത്തിയിരുന്നു.ഇദ്ദേഹം രാജ്യത്തില്‍ മറ്റിടങ്ങളില്‍ ഉള്ള സിഎസ്‌ഐആര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങളും അഭ്യര്‍ത്ഥിക്കുകയും അതിന്‍പ്രകാരം കേരളത്തിന് രാജ്യത്തില്‍ ആകമാനമുള്ള സിഎസ്‌ഐആര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിച്ചു.ഭാവനഗറില്‍ നിന്നും തിരുവനന്തപുരം എന്‍ഐഐഎസ്ടിയിലും അവിടെനിന്നുള്ള നിര്‍ദ്ദേശപ്രകാരം വെള്ളപ്പൊക്കം ഏറ്റവുമധികം അപകടം വിതച്ച ചെങ്ങന്നൂര്‍ മേഖലയിലുമായി ഈ മൊബൈല്‍ ശുദ്ധിക്കരണികള്‍ പ്രവര്‍ത്തിച്ചു പോകുന്നു എന്നതാണ് സത്യം. സിഎസ്‌ഐആര്‍ സിഎസ്‌എംസിആര്‍ഐയില്‍ നിന്നുള്ള ഈ പിന്തുണസംബന്ധിച്ച വിവരങ്ങള്‍ തിരുവനന്തപുരം സിഎസ്‌ഐആര്‍ -എന്‍ഐഐഎസ്ടിയില്‍ നിന്ന് ഓഗസ്റ്റ് 28ാം തീയതിയി തന്നെ ഔദ്യോഗികമായി സ്ഥീരിക്കരിച്ചിരുന്നു.അവിടെയുള്ള സീനിയര്‍ റിസര്‍ച്ച്‌ ഫെലോ മുഹമ്മദ് യൂസഫ് ഫേസ്‌ബുക്കില്‍ ഇത് സംബന്ധിച്ച കുറിപ്പും അപ്ഡേറ്റ് ചെയ്തിരുന്നു. ഈ ലിങ്കില്‍ ആ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം. കള്ളിവെളിച്ചത്തായിട്ടും പ്രസ്തുത പോസ്റ്റ് എബിവിപി ദേശീയ നേതാവ് ടൈംലൈനില്‍ നിന്ന് മാറ്റത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. നേരത്തെ ഷോക്കടിച്ചു മരിച്ച കെഎസ്‌ഇബി ഉദ്യോഗസ്ഥനെയും, വള്ളംമിറഞ്ഞ് മരിച്ചഡിവൈഎഫഐക്കാരനെയും മറ്റുംചേര്‍ത്ത് പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ തങ്ങളുടെ 10 പ്രവര്‍ത്തകര്‍ ബലിദാനിയായെന്ന് സേവാഭാരതിയുടെ അവകാശവാദം തെളിവുകളുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ പുറത്തുവിട്ടിരുന്നു.അതുപോലെ മന്ത്രി സുനില്‍കുമാറിനെയടക്കം സംഘപരിവാര്‍ പ്രവര്‍ത്തകരായി ചിത്രീകരിച്ച്‌ ഉത്തരേന്ത്യയിലെ സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ പുറത്തുവിട്ട ചിത്രവും സോഷ്യല്‍ മീഡിയ പൊളിച്ചിരുന്നു.