വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ്; നിര്‍ണായ മാറ്റങ്ങളുമായി ഇന്ത്യൻ ടീം

prithvi shaw

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച രാജ്കോട്ടില്‍ തുടങ്ങാനിരിക്കെ ഒരു ദിവസം മുന്‍പ് 12 അംഗ ടീമിനെ പ്രഖ്യാപിച്ച്‌ ഇന്ത്യ. ഓപ്പണിംഗില്‍ അടക്കം നിര്‍ണായ മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. ടീം പ്രഖ്യാപനത്തില്‍ ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിക്കുന്ന രീതിയാണിത്.ആദ്യമായാണ് മല്‍സരത്തിനു മുന്നോടിയായി ഇന്ത്യ 12 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. ഇതോടെ, യുവതാരം പൃഥ്വി ഷാ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കും. അതേസമയം, ആദ്യമായി ടെസ്റ്റ് ടീമിലേക്കു വിളി ലഭിച്ച പേസ് ബോളര്‍ മുഹമ്മദ് സിറാജും സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായ മായങ്ക് അഗര്‍വാളും അരങ്ങേറ്റത്തിനായി കാത്തിരിക്കണം. ഇംഗ്ലണ്ടില്‍ അരങ്ങേറ്റം കുറിച്ച ഹനുമ വിഹാരിയും ടീമിനു പുറത്താണ്. ഇതോടെ രാഹുലിനൊപ്പം ഷാ ഓപ്പണറായി ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ടീമിലെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ പരുക്കേറ്റ രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ മടങ്ങിയെത്തിയപ്പോള്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവര്‍ക്കൊപ്പം ഷാര്‍ദുല്‍ താക്കൂര്‍ പേസ് ബോളിങ് നിരയില്‍ ഇടം പിടിച്ചു. മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാനാണ് സാധ്യതയെന്നതിനാല്‍ പ്ലേയിങ് ഇലവനില്‍നിന്ന് താക്കൂറിനെ ഒഴിവാക്കാനാണ് സാധ്യത. താക്കൂറിനെ ടീമില്‍ നിലനിര്‍ത്തിയാല്‍ ഉമേഷ് യാദവാകും പുറത്തുപോവുക.ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ശിഖര്‍ ധവാന്‍ ടീമിനു പുറത്താവുകയും മുരളി വിജയ്ക്ക് മടങ്ങിവരാന്‍ സാധിക്കാതെ പോകുകയും ചെയ്തതോടെയാണ് ഷായുടെ അരങ്ങേറ്റം ഉറപ്പായത്. ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ വിക്കറ്റ് കീപ്പറുടെ റോളില്‍ ഋഷഭ് പന്ത് വരുമെന്ന കാര്യവും ഉറപ്പായിരുന്നു. നേരത്തെ, ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് ഹനുമ വിഹാരിക്കൊപ്പം പൃഥ്വി ഷായെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.14 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍നിന്ന് 56.72 റണ്‍സ് ശരാശരിയില്‍ 1418 റണ്‍സാണ് ഷായുടെ സമ്ബാദ്യം. ഏഴു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. 188 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.12 അംഗ ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, പൃഥ്വി ഷാ (അരങ്ങേറ്റം), ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍.