Thursday, April 18, 2024
HomeInternationalസ്വര്‍ഗം ഒരു യക്ഷിക്കഥയല്ല - ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വര്‍ഗം ഒരു യക്ഷിക്കഥയല്ല – ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വര്‍ഗം ഒരു യക്ഷിക്കഥയോ മോഹനമായ ഒരു പൂന്തോട്ടമോ അല്ലെന്നും അതു അനന്തസ്നേഹമായ ദൈവത്തിന്‍റെ ആശ്ലേഷമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. യേശുവുള്ളിടത്ത് കരുണയും സന്തോഷവും ഉണ്ടെന്നും അവിടുന്നില്ലെങ്കില്‍ ശൈത്യവും അന്ധകാരവും ആണെന്നും മരണനേരത്തെ കുറിച്ചു വിശദീകരിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. ഒരാള്‍ പോലും നമ്മെ ഓര്‍മ്മിക്കുന്നില്ലെങ്കിലും യേശു നമ്മുടെ ചാരേയുണ്ട് – ക്രൈസ്തവ പ്രത്യാശയെക്കുറിച്ചുള്ള ഒരു വര്‍ഷത്തെ മതബോധന പരമ്പര അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഭാഷണത്തില്‍ മാര്‍പാപ്പ പറഞ്ഞു. ക്രൈസ്തവ പ്രത്യാശയുടെ ആത്യന്തിക ലക്ഷ്യമായ സ്വര്‍ഗത്തെക്കുറിച്ചുള്ള വിചിന്തനത്തോടെയാണ് പരമ്പര അവസാനിപ്പിക്കുന്നതെന്നു പാപ്പ പറഞ്ഞു.

കാല്‍വരിയിലെ നല്ല കള്ളന്‍റെ കഥ മാര്‍പാപ്പ ഉദാഹരിച്ചു. സ്വര്‍ഗരാജ്യത്തിലായിരിക്കുമ്പോള്‍ തന്നെ ഓര്‍ക്കണമെന്ന ഏറ്റവും വിനീതമായ ഒരഭ്യര്‍ത്ഥന നടത്താനുള്ള ധൈര്യമാണ് നല്ല കള്ളന്‍ കാണിച്ചത്. കര്‍ത്താവിനു മുമ്പില്‍ വയ്ക്കാന്‍ ആ കള്ളന് തന്‍റെ നന്മപ്രവൃത്തികളൊന്നും ഉണ്ടായിരുന്നില്ല. യേശുവിന്‍റെ കരുണയില്‍ ആശ്രയിക്കുക മാത്രമാണ് അയാള്‍ ചെയ്തത്. തന്നില്‍ നിന്നും വളരെ വ്യത്യസ്തനും നിരപരാധിയും നന്മ നിറഞ്ഞവനുമാണ് യേശുവെന്ന് അയാള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞു. പശ്ചാത്താപത്തിന്‍റെ വിനീതമായ ആ ഒരു വാക്കിന് യേശുവിന്‍റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ സാധിച്ചു. നീയിന്ന് എന്നോടൊപ്പം സ്വര്‍ഗത്തിലായിരിക്കുമെന്ന് യേശു മറുപടി പറഞ്ഞു. സുവിശേഷങ്ങളില്‍ സ്വര്‍ഗമെന്ന വാക്ക് ഉപയോഗിക്കപ്പെടുന്നത് ഇവിടെ മാത്രമാണ് – മാര്‍പാപ്പ വിശദീകരിച്ചു.

യേശു നല്ല കള്ളനോടു പറഞ്ഞ പ്രത്യാശയുടെ വാക്കുകള്‍ നമ്മുടെ ജീവിതാന്ത്യങ്ങളില്‍ നമുക്കും പ്രത്യാശ പകരുന്നതാണെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. നന്മപ്രവൃത്തികള്‍ക്കുള്ള എത്രത്തോളം അവസരങ്ങളാണു താന്‍ നഷ്ടപ്പെടുത്തിയതെന്ന് മരണക്കിടക്കയിലെ അന്തിമമായ മനസാക്ഷിപരിശോധനയില്‍ ബോദ്ധ്യമാകുമ്പോള്‍ പോലും ഒരാള്‍ അധൈര്യപ്പെടേണ്ടതില്ല. മറിച്ച്, ദൈവത്തിന്‍റെ കരുണയില്‍ ആശ്രയിക്കുക. ദൈവത്തിന്‍റെ കൃപ സ്വീകരിക്കാന്‍ കഴിയാത്തതായി ഒരു വ്യക്തിയുമില്ല, അയാള്‍ എത്ര മോശമായിരുന്നാലും. നിലവിലുള്ളതില്‍ വച്ചേറ്റവും മനോഹരമായ ഇടം നമുക്കു നല്‍കാന്‍ യേശു ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തിലെ നന്മകള്‍ എത്ര വലുതായാലും ചെറുതായാലും ദൈവം നമ്മെ അവിടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. കാരണം, യേശുവിനാല്‍ വീണ്ടെടുക്കപ്പെട്ടതൊന്നും നഷ്ടമായിട്ടില്ല – മാര്‍പാപ്പ വിശദീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments