ഹൈദരാബാദില്‍ തൂങ്ങിമരിച്ച ‘മലയാളി’ കോയമ്പത്തൂരില്‍ ജീവനോടെ; അന്വേഷണം തുടരുന്നു

coimbathoor malayalee

ഹൈദരാബാദില്‍ തൂങ്ങിമരിച്ച ‘മലയാളി’ കോയമ്പത്തൂരില്‍ ജീവനോടെ; അന്വേഷണം തുടരുന്നു… ഹൈദരാബാദിലെ ലോഡ്‌ജില്‍ മധ്യവയസ്സുള്ള ഒരു പുരുഷനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തുടർന്ന് ലോഡ്‌ജില്‍ നടത്തിയ അന്വേഷണത്തിൽ നിന്ന് ഇയാൾ നല്‍കിയ രേഖകള്‍ മലയാളിയുടേതാണെന്ന് കണ്ടെത്തി . പിന്നീട്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടി സി എസ് പ്രസാദുമായി പൊലീസ് ബന്ധപ്പെട്ടു. രേഖകളില്‍ കാണിച്ചിരിക്കുന്ന വിലാസം അന്വേഷിച്ചപ്പോള്‍ കോയമ്പത്തൂരിലുള്ള മലയാളിയുടേതാണെന്ന് കണ്ടെത്തി. കാര്‍ത്തികേയന്‍ എന്ന പേരിലാണ് ഇയാള്‍ ലോഡ്‌ജില്‍ മുറിയെടുത്തത്. രേഖയായി പാന്‍കാര്‍ഡും നല്‍കി. വിലാസത്തിലുള്ള ഡോ.കാര്‍ത്തികേയന്‍ കോയമ്പത്തൂരില്‍ ജീവിച്ചിരിപ്പുണ്ട്. ഇയാള്‍ക്കും മരിച്ചയാളെക്കുറിച്ച് അറിവില്ല. അതിനിടെ രാത്രിയോടെ മരിച്ച വ്യക്തിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തി മുംബൈയില്‍ നിന്നും ഫോണ്‍സന്ദേശം പൊലീസിന് ലഭിച്ചു. മൃതദേഹം തിരിച്ചറിയാന്‍ ഇവര്‍ ഹൈദരാബാദിലേക്ക് വരുമെന്നും അറിയിച്ചിട്ടുണ്ട്. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.