Thursday, April 18, 2024
HomeCrimeചക്രങ്ങള്‍ക്കിടയിലെ വിടവിൽ മൃതദേഹവുമായി കെഎസ്ആര്‍ടിസി ബസ് സഞ്ചരിച്ചത് എഴുപത് കിലോ മീറ്റര്‍!

ചക്രങ്ങള്‍ക്കിടയിലെ വിടവിൽ മൃതദേഹവുമായി കെഎസ്ആര്‍ടിസി ബസ് സഞ്ചരിച്ചത് എഴുപത് കിലോ മീറ്റര്‍!

കെഎസ്ആര്‍ടിസി ബസ്  അടിയില്‍ കുടുങ്ങിയ മൃതദേഹവും വഹിച്ചു കൊണ്ട് സഞ്ചരിച്ചത് എഴുപത് കിലോ മീറ്റര്‍. സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൂനുരില്‍ നിന്ന് ബംഗളൂരുവിലെത്തിയ കര്‍ണാടക ആര്‍ടിസിയുടെ സ്ലീപ്പര്‍ കോച്ച് ബസിന്റെ അടിയിലാണ് മൃതദേഹം കുരുങ്ങി കിടന്ന നിലയില്‍ കണ്ടെത്തിയത്.ഏതാണ്ട് നാല്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല. ബസിടിച്ച് മരിച്ചതാണൊ അതോ റോഡില്‍ കിടന്നിരുന്ന മൃതദേഹം ബസിന്റെ അടിയില്‍ കുരുങ്ങിയതോണൊ എന്ന് സ്ഥിരികരിക്കപ്പെട്ടിട്ടില്ലെന്ന് വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് അറിയിച്ചു.

ബസിന്റെ ചക്രങ്ങള്‍ക്കിടയിലെ വിടവിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞിട്ടും തലയൂരന്‍ ശ്രമിച്ചതിന് ബസ് ഡ്രൈവര്‍ റായ്ച്ചൂര്‍ സ്വദേശിയായ മൊയ്‌നൂദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്ന് വരികയായിരുന്ന ബസ് രാമനഗറിലെത്തിയപ്പോള്‍ എന്തോ ഇടിച്ചത് പോലെയുള്ള ശബ്ദം കേട്ടിരുന്നുവെങ്കിലും കല്ല് തട്ടിയതാണെന്ന് കരുതി നോക്കിയില്ല എന്നാണ് ഡ്രൈവറുടെ മൊഴി. പുലര്‍ച്ചെ രണ്ടരയോടെ ശാന്തിനഗറിലെ ഡിപ്പോയിലെത്തി ബസ് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ട ഡ്രൈവര്‍ ഭയന്നു പോയി. തന്റെ മേല്‍ കേസ് വരുമൊയെന്ന ഭയത്താല്‍ ചക്രങ്ങള്‍ക്കിടയില്‍ നിന്ന് വലിച്ച് പുറത്തെടുത്ത മൃതദേഹം ഇയാള്‍ നിര്‍ത്തിയിട്ടിരുന്ന വെറെ രണ്ട് ബസുകള്‍ക്കിടയില്‍ കൊണ്ടിട്ടു.

രണ്ട് ബസിലേതെങ്കിലും ഒന്ന് കയറി മരിച്ചതാണെന്ന് കരുതികൊള്ളുമെന്ന് കരുതിയായിരുന്നു ഈ നടപടി. തുടര്‍ന്ന് തന്റെ ബസ് കഴുകി വൃത്തിയാക്കിയ ശേഷം ഡിപ്പോയില്‍ നിര്‍ത്തിയിട്ട് ഇയാള്‍ ഉറങ്ങാന്‍ പോയി. രാവിലെ മറ്റ് ജീവനക്കാര്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചത്. ആദ്യം കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. പരിക്കുകള്‍ പരിശോധിച്ചപ്പോള്‍ അപകടമാണെന്ന് മനസിലായെങ്കിലും മൃതദേഹം എങ്ങനെ അവിടെയെത്തിയെന്നത് പൊലീസിനെ കുഴക്കി. തുടര്‍ന്ന് സിസി ടിവി പരിശോധനയിലാണ് മൊയനൂദ്ദീന്‍ ഓടിച്ച ബസില്‍ രക്തകറ ശ്രദ്ധയില്‍ പെട്ടത്. വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. കരിഞ്ഞ നിലയിലുള്ള മൃതദേഹം വിക്‌ടോറിയ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments