Friday, April 19, 2024
HomeCrimeതലസ്ഥാന ജില്ലയില്‍ കൂട്ട ആത്മഹത്യ; അന്ധവിശ്വാസമാണ് മരണത്തിലേക്ക് നയിച്ചതെന്നു പോലീസ്

തലസ്ഥാന ജില്ലയില്‍ കൂട്ട ആത്മഹത്യ; അന്ധവിശ്വാസമാണ് മരണത്തിലേക്ക് നയിച്ചതെന്നു പോലീസ്

നന്തന്‍കോട്ട് കേഡല്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം തലസ്ഥാന ജില്ലയില്‍  ഒരു കൂട്ട ആത്മഹത്യയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ശാസ്തമംഗലം പണിക്കേഴ്‌സ് ലൈനില്‍ സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, ഏകമകന്‍ സനാതന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിത്. ഇവരുടെ മരണ കാരണം തികച്ചും അവിശ്വസനീയമാണ്! പൊതുമരാമത്ത് വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായ സുകുമാരന്‍ നായര്‍ക്കും കുടുംബത്തിനും അയല്‍വാസികളുമായോ നാട്ടുകാരുമായോ ബന്ധമൊന്നും ഇല്ലായിരുന്നു. സുകുമാരന്‍ നായരും കുടുംബവും മരിച്ച വിവരം പോലും അയല്‍ക്കാര്‍ അറിയുന്നത് പോലീസ് എത്തിയപ്പോഴാണ്. പോലീസ് സ്‌റ്റേഷനിലേക്ക് കത്തെഴുതി അയച്ച ശേഷമായിരുന്നു ആത്മഹത്യ.തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണ് എന്നും ബന്ധുക്കളെ അറിയിക്കണം എന്നുമാണ് ഇവര്‍ പോലീസിന് കത്തെഴുതിയത്. ഒന്നാം തിയ്യതി അയച്ച കത്ത് കഴിഞ്ഞ ദിവസം വൈകിട്ടോടെ പോലീസിന് ലഭിച്ചു. ഇത് പ്രകാരം വീട്ടില്‍ ചെന്നപ്പോഴാണ് മൃതദേഹങ്ങള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്.ഫാനില്‍ കയറിട്ട് കുടുക്കിയ നിലയിലായിരുന്നു മരണം. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണം പോലീസിന് എഴുതിയ കത്തില്‍ പറഞ്ഞിട്ടില്ലായിരുന്നു. ആ കാരണം എന്താണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.കടുത്ത അന്ധവിശ്വാസമാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഇവരുടെ സ്വത്തുക്കളും സ്വര്‍ണവും കന്യാകുമാരിയിലെ ജ്യോത്സന് നല്‍കണം എന്ന് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരിക്കുന്നതാണ് അത്തരമൊരു സംശത്തിനുള്ള പ്രധാന കാരണം. മാത്രമല്ല വീടിനെ ചുറ്റിയുള്ള ദുരൂഹതയും പോലീസില്‍ സംശയമുളവാക്കി.

മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ട പണവും മൃതദേഹങ്ങളില്‍ പുതപ്പിക്കാനുള്ള വെള്ള മുണ്ടും വീട്ടില്‍ ഇവര്‍ കരുതി വെച്ചിരുന്നു. പേടിപ്പെടുത്തുന്ന ചുറ്റുപാടാണ് ഈ വീടിനെന്നത് മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. വീടിന്റെ കോംപൗണ്ടിലേക്ക് പുറത്ത് നിന്നും ഒരാളെപ്പോലും കടത്തി വിടാത്തതാണത്രേ ഇവരുടെ പ്രകൃതം.കരണ്ട് ബില്ലിന് മീറ്റര്‍ റീഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അകത്ത് കടന്നാല്‍ പോലും ഇവര്‍ വഴക്കുണ്ടാക്കുക പതിവാണത്രേ. മാത്രമല്ല തേങ്ങയിടാന്‍ പോലും പുറത്ത് നിന്നും ആളെ വിളിക്കാറില്ല. തേങ്ങ ഉണങ്ങി വീണാല്‍ മാത്രം എടുത്ത് ഉപയോഗിക്കും. ചുറ്റിനും വളര്‍ന്ന് നില്‍ക്കുന്ന കാട് പോലും ഇവര്‍ വെട്ടിത്തെളിക്കാറില്ല.സാമ്പത്തിക പ്രശ്‌നമാണോ മരണകാരണം എന്നാണ് പോലീസ് ആദ്യം സംശയിച്ചത്. എന്നാലിവര്‍ക്ക് സാമ്പത്തിക ബാധ്യതകളില്ലെന്നാണ് ബന്ധുക്കളടക്കം പറയുന്നത്. ഇവരുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ട് എന്ന് അയല്‍ക്കാര്‍ പറയുന്ന സ്വാമിയെക്കുറിച്ചാണ് പോലീസിന്റെ ഇപ്പോഴത്തെ സംശയങ്ങള്‍. ഈ സ്വാമി തന്നെയാവണം കത്തിലെ ജ്യോത്സന്‍ എന്നാണ് നിഗമനം.തമിഴ്‌നാട് സ്വദേശിയായ ഈ സ്വാമിക്ക് വേണ്ടി ഇവരുടെ വീട്ടില്‍ കാണിക്ക വഞ്ചി വരെ സ്ഥാപിച്ചിട്ടുണ്ട് എന്നും അയല്‍ക്കാര്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ ക്ഷേത്രത്തില്‍ പോയി വന്ന ശേഷം സ്വാമിക്ക് വേണ്ടി കാണിക്ക വഞ്ചിയില്‍ പണമിടും. പിന്നീട് സ്വാമി തന്നെ നേരിട്ട് വന്ന് ഈ പണം കൊണ്ട് പോകുകയത്രേ.കുടുംബത്തിന്റെ മരണവുമായി ജ്യോത്സന് എന്താണ് ബന്ധം എന്നതാണ് പോലീസിന് ഇനി കണ്ടെത്താനുള്ളത്. കൃത്യമായ മരണകാരണം കണ്ടത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. മ്യൂസിയം പോലീസാണ് പണിക്കേഴ്‌സ് ലൈനിലെ കൂട്ട ആത്മഹത്യ അന്വേഷിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments