Thursday, April 25, 2024
HomeNationalയുപി വോട്ടിങ് മെഷീന്‍ ക്രമക്കേട്

യുപി വോട്ടിങ് മെഷീന്‍ ക്രമക്കേട്

മധ്യപ്രദേശിലെ ബിന്ദില്‍ ക്രമക്കേട് കണ്ടെത്തിയ വോട്ടിങ് മെഷീന്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. കാണ്‍പൂരില്‍നിന്നാണ് വോട്ടിങ് മെഷീന്‍ ബിന്ദിലേക്ക് കൊണ്ടുവന്നതെന്ന് ഇതുസംബന്ധിച്ചു പരിശോധന നടത്തിയ തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.
ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച പ്രത്യേക സംഘം ബിന്ദിലെത്തി വോട്ടിങ് മെഷീനില്‍ പരിശോധന നടത്തിയത്. കാണ്‍പൂരിലെ ഗോവിന്ദനഗറിലായിരുന്നു ഈ മെഷീന്‍ അവസാനമായി ഉപയോഗിച്ചത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി 6000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടി ജയിച്ചിരുന്നു.
വോട്ടിങ് മെഷീന്‍ പരിശോധിച്ചശേഷം അവസാനമായി ഉപയോഗിച്ചത് യുപിയിലാണെന്ന് സംഘം വ്യക്തമാക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ബിഎസ്പി നേതാവ് മായാവതി, ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുടെ പരാതി ശരിവയ്ക്കുന്നതാണ് കണ്ടെത്തല്‍. കോണ്‍ഗ്രസും വോട്ടിങ് മെഷീനെതിരേ പരാതി ഉന്നയിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ എത്തിച്ച വോട്ടിങ് മെഷീന്‍ പരിശോധിക്കവെയാണ് ക്രമക്കേട് കണ്ടെത്തിയത്. ഏതു ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിയുടെ തിരഞ്ഞെടുപ്പു ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്തുന്ന രീതിയിലായിരുന്നു മെഷീന്‍ സജ്ജീകരിച്ചിരുന്നത്.
സംഭവത്തെ തുടര്‍ന്ന് ബിന്ദ് ജില്ലാ കലക്ടര്‍ ടി ഇളയരാജ, എസ്പി അനില്‍ സിങ് കുശ്‌വാഹ, പോലിസ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫിസര്‍ ഇന്ദ്രവീര്‍ സിങ്, 19 ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. ഐടി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ മുകേഷ് മീണ, അഡീഷനല്‍ സെക്രട്ടറി മധുസൂദന്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ മെഷീന്‍ കാണ്‍പൂരില്‍നിന്ന് കൊണ്ടുവന്ന 300 വോട്ടിങ് മെഷീനുകളിലൊന്നാണെന്ന് സംഘം വ്യക്തമാക്കി. അതേസമയം, ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായ വോട്ടിങ് മെഷീനുകള്‍ വാങ്ങാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറെടുക്കുന്നുണ്ട്.
ഏതെങ്കിലും തരത്തില്‍ ക്രമക്കേട് നടത്താന്‍ കഴിയാത്ത എസ് 3 വിഭാഗത്തില്‍പ്പെട്ട മെഷീനുകള്‍ വാങ്ങാനാണ് കമ്മീഷന്റെ പദ്ധതി. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടത്തുന്നുണ്ടോയെന്ന് മെഷീന് തന്നെ സ്വയം കണ്ടെത്താന്‍ കഴിയും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments