കേന്ദ്ര മന്ത്രിമാരുടെ ഓഫീസുകള്‍ നിയന്ത്രിക്കുന്നത് ആര്‍എസ്‌എസ്; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

rahul

കേന്ദ്രമന്ത്രിമാരുടെ ഓഫീസുകളില്‍ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും നിയന്ത്രിക്കുന്നതും ആര്‍.എസ്.എസുകാരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റിസര്‍വ് ബാങ്ക് അടക്കമുള്ള സംവിധാനങ്ങളെ തകര്‍ക്കാനും അവഹേളിക്കാനുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.റിസര്‍വ് ബാങ്ക് അടക്കമുള്ളവയെ അവഗണിച്ചതിന്റെ ഫലമായാണ് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും അടക്കമുള്ളവര്‍ക്ക് വന്‍ തട്ടിപ്പ് നടത്താനായത്. നോട്ട് അസാധുവാക്കല്‍ നടപ്പാക്കരുതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.ധനമന്ത്രിക്കോ കേന്ദ്ര മന്ത്രിമാര്‍ക്കോ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവിനോ നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച ഒരു വിവരവും നല്‍കിയിരുന്നില്ല. കാബിനറ്റിനെ മുഴുവന്‍ മുറിയില്‍ അടച്ചിട്ടശേഷമാണ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയത്. മന്ത്രിമാരെ പുറത്തിറങ്ങാന്‍പോലും അനുവദിച്ചില്ലന്നും കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആര്‍.ബി.ഐ അടക്കമുള്ളവയെ ആര്‍.എസ്.എസ് നിയന്ത്രണത്തില്‍നിന്ന് മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയും കോണ്‍ഗ്രസ് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നൈപുണ്യ വികസനത്തിലൂടെ ചൈന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്നില്ല. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവുന്നില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.