യു.എന്‍ ഭീകര പട്ടികയില്‍ ദാവൂദ് ഇബ്രാഹീമും

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പുറത്തിറക്കിയ ഭീകരരുടെയും ഭീകര സംഘടനകളുടെയും പുതുക്കിയ പട്ടികയില്‍ പാകിസ്താനില്‍നിന്ന് മാത്രം 139 പേരുകള്‍. പാകിസ്താനില്‍ കഴിയുന്ന കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദും അടക്കമുള്ളവരും നിരവധി ഭീകര സംഘടനകളുമാണ് പട്ടികയിലുള്ളത്.കൊല്ലപ്പെട്ട അല്‍ ഖ്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ പിന്‍ഗാമി അയ്മാന്‍ അല്‍ സവാഹിരിയുടെയും അടുത്ത അനുയായികളുടെയും പേരുകള്‍ പട്ടികയിലുണ്ട്. പാകിസ്താന്‍ – അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയാണ് സവാഹിരി. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹീമിന് നിരവധി പാകിസ്താന്‍ പാസ്‌പോര്‍ട്ടുകളുണ്ടെന്ന് ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റാവല്‍പിണ്ടിയില്‍നിന്നും കറാച്ചിയില്‍നിന്നും നേടിയതാണ് പാക് പാസ്‌പോര്‍ട്ടുകള്‍. കറാച്ചിയിലെ നൂറാബാദില്‍ ദാവൂദിന് കൊട്ടാര സദൃശ്യമായ വസതി സ്വന്തമായുണ്ടെന്നും രക്ഷാസമിതി ചൂണ്ടിക്കാട്ടുന്നു. പാകിസ്താനില്‍ കഴിയുന്ന ഇന്ത്യന്‍ പൗരനായ ദാവൂദിനെതിരെ ഇന്റര്‍പോള്‍ നിരവധി വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബ, ജമാത്ത് ഉദ്ധവ എന്നിവയുടെ സാമ്ബത്തിക മേല്‍നോട്ടം വഹിക്കുന്ന സഫര്‍ ഇഖ്ബാല്‍, പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ അഫ്ഗാന്‍ സപ്പോര്‍ട്ട് കമ്മിറ്റി, ഹഖാനി നെറ്റ്‌വര്‍ക്ക്, ഹര്‍ക്കത്തുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയുടെ പേരുകളും പട്ടികയിലുണ്ട്.