വികസനമാണ് നമ്മുടെ ലക്ഷ്യവും സ്വപ്നവും: മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിന്റെ വികസനമാണ് നമ്മുടെ ലക്ഷ്യവും സ്വപ്നവും. കഴമ്പില്ലാത്ത എതിര്‍പ്പുകള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 5 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസനം കൊണ്ടുവരാൻ സാധിച്ചാൽ അതാണ് ഏറ്റവും വലിയ സന്തോഷം. ഒരു പ്രമുഖ ടിവി ചാനല്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നാലുവരിയായുള്ള ദേശീയപാതാ വികസനവും ദേശീയ ജലപാതയും എല്‍എന്‍ജി ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിയുമെല്ലാം പൂര്‍ത്തിയാക്കി നല്ല നിലയില്‍ നാടു വികസിക്കും. വിവാദങ്ങളില്‍ പദ്ധതികള്‍ മുടങ്ങാന്‍ അനുവദിക്കില്ല. അങ്ങനെ പല നല്ല പദ്ധതികളും മുടങ്ങിയിട്ടുണ്ട്. എതിര്‍ക്കുന്നവര്‍ എതിര്‍ക്കും. പിന്നില്‍ നിക്ഷിപ്തതാല്‍പ്പര്യമുണ്ടാവും. അതിന് എന്തിനു വഴങ്ങിക്കൊടുക്കണം. നാടിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍- മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമുണ്ടെന്ന് ഒരു വ്യവസായിയും പറഞ്ഞിട്ടില്ല. എന്നാല്‍ അങ്ങനെയൊരു ചിത്രമാണ് പുറത്ത് പ്രചരിക്കുന്നത്. കേരളം പൂര്‍ണമായും അഴിമതിമുക്തമല്ല. ഭരണത്തിന്റെ മേല്‍ത്തട്ടില്‍ ഇപ്പോള്‍ അഴിമതി ഇല്ലെങ്കിലും താഴെത്തട്ടില്‍ അഴിമതിയുണ്ട്. ഇതും ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഇ-ഗവേണന്‍സ് നടപ്പാക്കുന്നത്. പരിശോധന ഉള്‍പ്പെടെയുള്ള നടപടികളും ഉണ്ടാവും. ചെയ്യുന്ന ജോലിക്ക് ശമ്പളം കൊടുക്കുന്നുണ്ട്. തെറ്റായ വഴിയിലൂടെയും കൂടുതല്‍ സമ്പാദിക്കണം എന്ന അത്യാഗ്രഹമാണ് അഴിമതിക്ക് വളംവയ്ക്കുന്നത്. അവരവരുടെ വരുമാനം അനുസരിച്ച് ജീവിക്കണം.

ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അങ്ങനെയാണ്. ചുരുക്കം പേരാണ് പേരുദോഷം കേള്‍പ്പിക്കുന്നത്. കൊള്ളരുതായ്മ ചെയ്തവരെ സംരക്ഷിക്കാന്‍ ട്രേഡ് യൂണിയനുകള്‍ തുനിഞ്ഞാല്‍ അതിനെ വകവയ്ക്കേണ്ട കാര്യമില്ല. ന്യായമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് യൂണിയനുകള്‍ നിലകൊള്ളേണ്ടത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അഴിമതി കുറവാണ്. എന്നാല്‍ അഴിമതി കുറഞ്ഞ സംസ്ഥാനമായല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനമായി നമുക്കു മാറണം- മുഖ്യമന്ത്രി വ്യക്തമാക്കി.