ബോധരഹിതനായ യുവാവിനെ സുഹൃത്ത് തന്റെ പുറത്തു 1 മണിക്കൂർ താങ്ങി നിർത്തി രക്ഷിച്ചു

accident

കുമ്മായ ചൂളയ്ക്കായി ബോയ്​ലർ നിർമിക്കുന്നതിനിടെ യുവാവിനു ബോധക്ഷയം. ബോധം നഷ്ടമായ യുവാവിനെ അഗ്നിശമന സേന വരുന്നതു വരെ സുഹൃത്ത് ഒരുമണിക്കൂർ തന്റെ പുറത്തു സുരക്ഷിതമായി കിടത്തി. 80 അടി ഉയരത്തിൽ സുരക്ഷാ ബെൽറ്റിൽ കുടുങ്ങിക്കിടന്ന യുവാവിനെ അഗ്നിശമന സേന പിന്നീട്  രക്ഷപ്പെടുത്തി. കായംകുളം അവലാട്ട് കിഴക്കത്തിൽ ചിറാവള്ളി അജിത്തിന് (22) ആണ് ബോധക്ഷയമുണ്ടായത്. അജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഒരു മണിക്കൂറോളം നാട്ടുകാർ ഭീതിയിലായി. കുമരകം കുമ്മായ വ്യവസായ സഹകരണ സംഘത്തിന്റെ ബോയ്​ലർ നിർമാണത്തിനിടെ ഇന്നലെ പത്തിനാണ് അപകടം. വയനാട് പുൽപ്പള്ളി പാറയ്ക്കൽ നിധിനും കൊല്ലം സ്വദേശി സുമേഷും അജിത്തിനൊപ്പം ജോലിക്കുണ്ടായിരുന്നു. ബോധം നഷ്ടമായ അജിത്തിനെ അഗ്നിശമന സേന വരുന്നതുവരെ നിധിൻ ഒരുമണിക്കൂർ തന്റെ പുറത്തു സുരക്ഷിതമായി കിടത്തി.അഗ്നിശമന സേന അജിത്തിനെ വലയ്ക്കകത്ത് കയറ്റുന്നതിനിടെ കൈ തെന്നി അജിത്ത് വലയിലേക്കു വീഴാതെ പുറത്തേക്കു തെറിച്ചപ്പോൾ. സുരക്ഷാബെൽറ്റ് തുണയായി. നിർമാണത്തിനായി സ്ഥാപിച്ച കമ്പിയിൽ നിധിൻ കുനിഞ്ഞുനിന്നാണ് അജിത്തിനെ പുറത്തുകിടത്തിയത്. സുമേഷ് പുറകിൽനിന്നു താങ്ങി. സുരക്ഷാ ബെൽറ്റ് ധരിച്ചതാണ് അജിത്തിനു രക്ഷയായത്. കൂടെയുണ്ടായിരുന്നവരോട് വെള്ളം ചോദിക്കുകയും തുടർന്നു ബോധക്ഷയമുണ്ടാകുകയുമായിരുന്നു. കനത്തമഴ പെയ്തതിനാൽ അജിത്തിനെ താഴെയിറക്കാനോ താഴെനിന്നവരുടെ സഹായം തേടാനോ കഴിഞ്ഞില്ല. പിന്നീട് അഗ്നിശമന സേനയെത്തി ഏണിവഴി മുകളിൽ കയറി അജിത്തിനെയും നിധിനെയും വലയ്ക്കകത്തു കയറ്റാൻ ശ്രമം നടത്തി. പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. 100 അടി ഉയരത്തിലാണ് ബോയ്​ലർ നിർമിക്കുന്നത്. എഎസ്ഐമാരായ സുരേഷും അബ്ദുൽ ലത്തീഫും സ്ഥലത്തെത്തി. അഗ്നിശമന സേന സ്റ്റേഷൻ മാസ്റ്റർ കെ.വി. ശിവദാസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.എൻ. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വയനാട് പാറയ്ക്കൽ നിധിന്റെ ധൈര്യം സുഹൃത്ത് അജിത്തിനു തിരികെ നൽകിയതു ജീവൻ. ബോധക്ഷയമുണ്ടായതു മുതൽ ഒരുമണിക്കൂർ അജിത്തിനെ പുറത്തുകിടത്തിയതാണ് രക്ഷയായത്. അജിത്ത് ബെൽറ്റിൽ തൂങ്ങിക്കിടന്നിരുന്നെങ്കിൽ കൂടുതൽ ആയാസം അനുഭവപ്പെട്ടേനെ. അതു ജീവനു ഭീഷണിയാകുമായിരുന്നു. കനത്തമഴ പെയ്തപ്പോഴും വകവയ്ക്കാതെ അജിത്തിന്റെ സുരക്ഷ മാത്രമായിരുന്നു നിധിന്റെ ലക്ഷ്യം. നാട്ടുകാർക്കു രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു. അഗ്നിശമന സേന എത്തുംവരെ പതറാതെ നിധിൻ സുഹൃത്തിനെ കാത്തു.