Thursday, April 25, 2024
HomeNationalപ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി

വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഡോക് ലാം സംഘര്‍ഷത്തിനു ശേഷമുള്ള മോദിയുടെ ചൈനാ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി മോദി സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും മോദി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, കെനിയ, മെക്‌സിക്കോ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായി ചൈന ക്ഷണിച്ചിട്ടുണ്ട്.

ചൈനയിലെത്തിയ മോദിയെ ചൈനീസ് വിദേശകാര്യ ഉപമന്ത്രി കോങ് സുവാന്‍യു, ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവൊ സോഹു എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു. ജൂലായില്‍ ജര്‍മനിയില്‍ ജി-20 രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ മോദിയും ജിന്‍പിങ്ങും കണ്ടുമുട്ടിയിരുന്നു.

സിക്കിമിലെ ഡോക് ലാം മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം 73 ദിവസം നീണ്ടിരുന്നു. മോദി ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പശ്ചാത്തലത്തിലാണ് ചൈന അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറായതെന്ന് സൂചനയുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments