പരസ്പരം പഴി ചാരി ഉദ്യോഗസ്ഥർ; തിരുവല്ല കറ്റോട് പാലത്തിനു സമീപം ജനം കുടുങ്ങി

സുരക്ഷിതമായിറോഡ് മുറിച്ചുകടക്കാന്‍ സാങ്കേതിക സഹായവുമായി

തിരുവല്ല ∙ മുന്നറിയിപ്പില്ലാതെ റോഡ് അടച്ചു. നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിൽ. കറ്റോട് പാലത്തിൽ നിന്നു തോട്ടിലേക്കു വീണ ലോറി ഉയർത്താനാണ് സംസ്ഥാനപാതയായ ടികെ റോഡിൽ ഇന്നലെ രണ്ടു തവണയായി നാലു മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തിയത്.
ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ ലോറി ഉയർത്തുന്നതിനായി ക്രെയിൻ വന്നതു മുതലാണ് ഗതാഗതക്കുരുക്കു തുടങ്ങിയത്.

യാത്രക്കാരുടെ എതിർപ്പിനെ തുടർന്ന് നാലരയോടെ ക്രെയിൻ അൽപം മാറ്റി വാഹനങ്ങൾ കടത്തിവിട്ടെങ്കിലും അഞ്ചുമണിയോടെ വീണ്ടും റോഡ് പൂർണമായി അടച്ചു. ഇതെ തുടർന്ന് ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ നിരന്നു. മഴ തകർത്തുപെയ്തപ്പോൾ മറ്റു മാർഗങ്ങളില്ലാതെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. ആംബുലൻസ് ഉൾപ്പെടെയുള്ളവ കുരുക്കിൽപെട്ടു.

രാത്രി എട്ടുമണിയോടെയാണ് വഹനങ്ങൾ നീങ്ങിത്തുടങ്ങിയത്.
തിരക്കുള്ള സമയത്ത് മുന്നറിയിപ്പില്ലാതെ ഗതാഗതം തടഞ്ഞതിലൂടെയുണ്ടായ കുരുക്ക് ഒഴിവാക്കാൻ അധികാരികൾ ആരും ഇടപെട്ടില്ല. അപകടത്തിൽപെട്ട വാഹനം ഉയർത്താൻ പകൽ സമയം ഗതാഗതം തടസ്സപ്പെടുത്തിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഉദ്യോഗസ്ഥർ പരസ്പരം പഴിചാരി കയ്യൊഴിഞ്ഞപ്പോൾ പെരുവഴിയിലായത് ജനങ്ങളാണ്.

ഉത്തരവാദിത്തം ഏൽക്കാതെ ഉദ്യോഗസ്ഥർ

കറ്റോട്ട് ഗതാഗതം തടസ്സപ്പെടുത്തി ലോറി കയറ്റാൻ ആരും അനുവാദം വാങ്ങിയിരുന്നില്ലെന്ന് ആർഡിഒ. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ബന്ധപ്പെട്ടവർ അറിയിക്കേണ്ടതാണെന്ന് ആർഡിഒ ജയമോഹൻ പറഞ്ഞു.

ട്രാഫിക് പെ‍ാലീസിനായിരുന്നു റോഡിന്റെ നിയന്ത്രണമെന്നും ഗതാഗതതടസമുണ്ടാകുമെന്ന് പിഡബ്ല്യുഡി അധികാരികളെ ആരും അറിയിച്ചില്ലെന്നും അസി. എക്സിക്യൂട്ടീവ് എൻജിനീയർ സുഭാഷ് പറഞ്ഞു.

ഗതാഗതം നിരോധിക്കാൻ പെ‍ാലീസ് അനുമതി നൽകിയിട്ടില്ലെന്നാണ് ഡിവൈഎസ്പി ആർ. ചന്ദ്രശേഖരപിള്ള അറിയിച്ചത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ മറ്റു വകുപ്പുകൾ പെ‍ാലീസിന്റെ മേൽ പഴിചാരുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.