Friday, April 19, 2024
Homeപ്രാദേശികംഎസ്‌ഐമാരുടെ സ്ഥലം മാറ്റത്തെ ചൊല്ലി സി പി എം ജില്ലാനേതൃത്വവും പോലീസ് അസോസിയേഷനും തമ്മില്‍ തര്‍ക്കം

എസ്‌ഐമാരുടെ സ്ഥലം മാറ്റത്തെ ചൊല്ലി സി പി എം ജില്ലാനേതൃത്വവും പോലീസ് അസോസിയേഷനും തമ്മില്‍ തര്‍ക്കം

ജില്ലയിലെ എസ്‌ഐമാരുടെ സ്ഥലം മാറ്റത്തെ ചൊല്ലി സി പി എം ജില്ലാനേതൃത്വവും പോലീസ് അസോസിയേഷനും തമ്മില്‍ തര്‍ക്കം. ഇതിനിടെ പാര്‍ട്ടി ജില്ലാ നേതൃത്വം നല്കിയ പന്ത്രണ്ട് എസ് ഐമാരുടെ സ്ഥലം മാറ്റപട്ടികയില്‍ ഓഫീസ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി ഇടപെട്ടതോടെ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിക്കപ്പെട്ടു.ഏനാത്ത് എസ് ഐ ജോഷിയെ കൊടുമണ്ണിലേക്കും പെരുമ്പെട്ടി എസ് ഐ സഞ്ചയിനെ പകരക്കാരനായിഏനാത്തേക്കും നിയമിക്കാനായിരുന്നു പാര്‍ട്ടിയുടെ നിര്‍ദ്ദേശം.എന്നാല്‍ പമ്പ അഡീഷണല്‍ എസ് ഐ ആയിരുന്ന ഗോപകുമാറിനെ പെരുനാട്ടിലേക്കാണ് നിര്‍ദ്ദേശിച്ചതെങ്കിലും അസോസിയേഷന്‍ നേതാവ് ഇടപെട്ട് ഏനാത്ത് നിയമിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയിരിക്കുന്നത്. ഇവിടെ നിന്നും ജോഷിയെ കൊടുമണ്ണിലേക്ക് മാറ്റുന്നതിന് പകരം അടൂരിലേക്ക് മാറ്റുകയും ഇവിടെ നിന്ന് മനോജിനെ പെരുനാട്ടിലേക്കും മാറ്റി.കീഴ്‌വായ്പൂര്‍ എസ് ഐ ബി.രമേശിനെ അടൂരില്‍ നിയമിക്കാനായിരുന്നു സിപിഎം തീരുമാനം.എന്നാല്‍ പോലീസ് അസോസിയേഷന്‍ അടൂര്‍ എസ് ഐ മനോജിനെ നേരത്തെ മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോള്‍ നടത്തിയ മാറ്റത്തെ അനുകൂലിക്കുന്നില്ല. പോലീസ് അസോസിയേഷന്‍ സംസ്ഥാനസമ്മേളത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന പ്രചരണ സാമഗ്രികള്‍ ബി ജെ പി പ്രകടനത്തിനിടെ നശിപ്പിച്ചപ്പോള്‍ കേസെടുക്കാന്‍ തയ്യാറാകാത്തതായിരുന്നു നേരത്തെ അസോസിയേഷനെ ചൊടിപ്പിച്ചിരുന്നത്.ഇതിനെ തുടര്‍ന്ന് മനോജിനെ സ്ഥലംമാറ്റാന്‍ അസോസിയേഷന്‍ ശക്തമായ നിലപാടെടുത്തെങ്കിലും ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ ഇതിന് തയ്യാറായില്ല. പെരുമ്പെട്ടി എസ് ഐ സഞ്ചയും പാര്‍ട്ടിക്ക് അനഭിമതനാണ്. സ്റ്റേഷന്‍ പരിധിയിലെ സി പി എം ബിജെപി ചീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സഞ്ചയിനെ മുന്‍ ജില്ലാ സെക്രട്ടറി ഇടപെട്ട് കുമളിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്ഥലം മാറ്റം റദ്ദാക്കിയിരുന്നു.പത്തനംതിട്ട അഡീഷണല്‍ എസ് ഐ ആയ ദീപക്കിനെ കീഴ്വായ്പൂരിലും, വെച്ചൂച്ചിറയില്‍ നിന്നും വിപിന്‍ ഗോപിനാഥിനെ ചിറ്റാറിലേക്കും, സുരേഷിനെ ചിറ്റാറില്‍ നിന്നും പെരുമ്പെട്ടിയിലേക്കും, കൊടുമണ്‍ എസ് ഐ രാജീവിനെ വെച്ചൂച്ചിറയിലേക്കും, പെരുനാട്ടില്‍ നിന്നും ജിബു ജോണിനെ ആറന്മുളയിലേക്കും, സ്‌പെഷ്യല്‍ ബ്രാഞ്ചില്‍നിന്നും സോമരാജനെ അടൂര്‍ ട്രാഫിക്കിലേക്കും പത്തനംതിട്ട അഡീഷണല്‍ എസ് ഐ ഷെഫീഖിനെ ഏനാത്ത് അഡീഷണല്‍ എസ് ഐ ആയും നിയമിക്കാനാണ് സി പി എം ജില്ലാ നേതൃത്വം ജില്ലാപോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം അഞ്ച് പേരെമാത്രമാണ് മാറ്റി നിയമിച്ച് ഉത്തരവായത്. ഗോപകുമാറിന്റെ നിയമനത്തെച്ചൊല്ലിയാണ് ഇപ്പോള്‍ പ്രധാനമായും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. പാര്‍ട്ടി ഏരിയ നേതൃത്വവും പോലീസ് അസോസിയേഷനും അറിയാതെ നിയമനം തരപ്പെടുത്തിയ ഗോപകുമാറിന്റെ മുന്‍കാല ചെയ്തികള്‍ ചൂണ്ടിക്കാട്ടി പോലീസുകാരും ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. എസ് പിക്ക് നല്കിയ സ്ഥലം മാറ്റപട്ടികയിലെ അവശേഷിക്കുന്ന മാറ്റങ്ങള്‍ പാര്‍ട്ടിയേയും അസോസിയേഷനേയും തമ്മില്‍ അനുനയിപ്പിച്ച ശേഷം പുറത്തിറക്കാനാണ് ജില്ലാ പോലീസ് മേധാവി ആലോചിക്കുന്നത്.അടുത്ത മാസം വിരമിക്കാനിരിക്കുന്ന ഇദ്ദേഹം ഇരുകൂട്ടരേയും അനുനയിപ്പിക്കാന്‍ ശ്രമം നടത്തി വരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments