സാമൂഹ്യ സുരക്ഷാമിഷന്‍ നല്‍കുന്ന വികലാംഗസര്‍ട്ടിഫിക്കറ്റ് എല്ലാ വകുപ്പുകളും സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍

ഭിന്നശേഷിയുളളവര്‍ക്ക് സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷന്‍ നല്‍കുന്ന വികലാംഗ സര്‍ട്ടിഫിക്കറ്റ് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പൊതുവായി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സംസ്ഥാന ബാലവകാശസംരക്ഷണ കമ്മീഷന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭിന്നശേഷിയുളള കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രക്ഷിതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് പി.ഡി. ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം എന്‍. ബാബുവിന്റെ ഉത്തരവ്. വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നിലവിലുളള നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കുന്നതിനും കൂടുതല്‍ ശാസ്ത്രീയവും കൃത്യതയുളളതുമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിനും നടപടിയെടുക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും തദ്ദേശസ്വയംഭരണം, ആരോഗ്യം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഭിന്നശേഷിയുളള കുട്ടികളെ ഉള്‍പ്പെടുത്തി സംയോജിത വിദ്യാഭ്യാസം നടപ്പാക്കുന്ന സ്‌കൂളുകളില്‍ റിസോഴ്‌സ് റൂം, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇവ ഉറപ്പാക്കിയാല്‍മാത്രമേ ഭിന്നശേഷിയുളള കുട്ടികളുടെ വിദ്യാഭ്യാസം ഗുണമേന്‍മയുളളതും ഫലപ്രദവുമാകൂയെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 45 ദിവസത്തിനുളളില്‍ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.