റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കൊലപാതകം +1 വിദ്യാര്‍ത്ഥിയെ പ്രതിയാക്കി കുറ്റപത്രം

ryan school murder

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗുഡ്ഗാവ് ജില്ലാ കോടതിയിലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാം €ാസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ ഏക പ്രതി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇയാള്‍ക്കെതിരെ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അമ്പത് സാക്ഷികളേയും ഫോറന്‍സിക് തെളിവുകളും സഹിതമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒരു മാസത്തിനകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. ഇക്കഴിഞ്ഞ നവംബര്‍ ഏഴിനാണ് മുഖ്യപ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ ആദ്യം പ്രതിയാക്കപ്പെട്ട അശോക് കുമാര്‍ എന്നയാളെ സി.ബി.ഐ കുറ്റവിമുക്തമാക്കി. റയാന്‍ സ്‌കൂളിലെ ബസ് ജീവനക്കാരാനാണ് അശോക് കുമാര്‍. ഇയാളെ ഹരിയാന പോലീസ് പിടികൂടി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണത്തില്‍ ബസ് കണ്ടക്ടര്‍ കൊലപാതകം ചെയ്തിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ ഏഴിന് യഥാര്‍ത്ഥ പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റിലായതോടെ സംസ്ഥാന പോലീസ് കടുത്ത വിമര്‍ശനത്തിരയായിരുന്നു. അതേസമയം കുറ്റപത്രം ദുര്‍ബലമാണെന്ന് കൊല്ലപ്പെട്ട ബാലന്റെ കുടുംബം ആരോപിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിനേയും സ്‌കൂള്‍ ഉടമകളേയും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് വിമര്‍ശിച്ചു.