ബഹ്‌റൈനില്‍ വന്‍ എണ്ണ നിക്ഷേപം കണ്ടെത്തി

crude oil

ബഹ്റൈന്‍ പടിഞ്ഞാറന്‍ തീരത്തെ ഖലീജ് അല്‍ ബഹ്റൈന്‍ ബേസിനില്‍ 8,000 കോടിയിലേറെ ബാരലിന്റെ എണ്ണ ശേഖരം ഉണ്ടെന്ന് ബഹ്‌റൈന്‍ എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ബഹ്റൈനു വന്‍ വികസന കുതിപ്പ് സമ്മാനിക്കുന്ന പുതിയ എണ്ണപ്പാടം കണ്ടെത്തിയത്. ഇതിനു പുറമേ നിലവിലെ പ്രധാന പ്രകൃതി വാതക ശേഖരത്തിനു താഴെ പുതുതായി 13.7 ലക്ഷം കോടി ക്യുബിക് അടി പ്രകൃതി വാതകവും കണ്ടെത്തി. റഷ്യയുടെ മൊത്തം എണ്ണശേഖരത്തിനു സമാനമാണ് കണ്ടെത്തിയ ഓയില്‍ ശേഖരം. എട്ട് ദശാബ്ദത്തിനിടയിലെ ബഹ്റൈനിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതിവാതക ശേഖരമാണ് കണ്ടെത്തിയത്. ലോക എണ്ണ ഭൂപടം പുനര്‍നിര്‍ണയിക്കുന്നതാണ് കണ്ടെത്തിയ ശേഖരം.പടിഞ്ഞാറന്‍ തീരത്തെ ആഴം കറുഞ്ഞ ഭാഗങ്ങളിലാണ് പുതിയ എണ്ണപ്പാടം കണ്ടെത്തിയത്. എണ്ണപ്പാടത്തുനിന്ന് എത്രമാത്രം എണ്ണ പുറത്തെടുക്കാന്‍ സാധിക്കുമെന്ന് വ്യക്തമല്ലെന്നും അന്താരാഷ്ട്ര കമ്പനികളെ ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര കമ്പനികളുടെ സഹായത്തോടെ ക്രൂഡ് ഓയില്‍ ഉദ്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം രണ്ട് എണ്ണ കിണറുകള്‍ കുഴിക്കാനും അഞ്ചു വര്‍ഷത്തിനകം ഉദ്പ്പാദനം ആരംഭിക്കാനുമാണ് തീരുമാനം.രണ്ടു വര്‍ഷം മുന്‍പാണ് ഇവിടെ പര്യവേക്ഷണം തുടങ്ങിയത്. 2017 അവസാന മാസങ്ങളില്‍ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും സാന്നിധ്യമുണ്ടെന്ന സൂചന കിട്ടി. തുടര്‍ന്ന് ഖനനമാണ് എണ്ണപ്പാടത്തിലേക്കു മിഴി തുറന്നത്.എണ്ണപ്പാടത്തിന്റെ വികസനത്തോടെ ബഹ്‌റൈനും എണ്ണ ഉല്‍പാദന രാജ്യങ്ങളില്‍ പ്രധാന സ്ഥാനത്തേക്ക് ഉയരും. എണ്ണയുല്‍പാദന രാജ്യങ്ങളില്‍ ചെറിയ സ്ഥാനമേ നിലവില്‍ ബഹ്‌റൈനുള്ളൂ. നിലവില്‍ അവാലി എണ്ണ പാടത്തു നിന്നും 45,000 ബാരല്‍ എണ്ണയാണ് പ്രതിദിന ഉല്‍പ്പാദനം. സൗദിയുമായി പങ്കിടുന്ന അബു സഫ എണ്ണപ്പാടത്തുനിന്നും 1,50,000 ബാരലുമാണ് ഉല്‍പ്പാദനം. പുതിയ ശേഖരം കണ്ടെത്തുന്നതിനു മുന്‍പ് ക്രൂഡ് ഓയില്‍ 125 ദശലക്ഷം ബാരലും പ്രകൃതി വാതക ശേഖരം 92 ബില്യണ്‍ ക്യുബിക് മീറ്ററുമാണെന്ന് സിഐഎ ഫാക്ട് ബുക്ക് പറയുന്നു.ഗള്‍ഫില്‍ ആദ്യമായി എണ്ണ കണ്ടെത്തിയത് ബഹ്റൈനിലാണ്. 1932ല്‍ ജബെല്‍ അല്‍ ദുഖാനിലായിരുന്നു ഇത്. എന്നാല്‍ ഗള്‍ഫിലെ എണ്ണ ഉല്‍പ്പാദനം രംഗത്ത് പിന്നിലായിരുന്നു ബഹ്റൈന്‍.