വ്യാപാരിയെ ഭീഷണിപ്പെടുത്തി സംഭാവന ചോദിച്ചതിന് ബി.ജെ.പി നേതാവിന് സസ്‌പെൻഷൻ

bjp

സംഭാവന നൽകാൻ വിസമ്മതിച്ച വ്യാപാരിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവിനെ പാർട്ടി നേതൃത്വം സസ്‌പെൻഡ് ചെയ്തു. ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

ചവറയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജിനെയാണ് സുഭാഷ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ജൂലായ് 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്‌റ്റേറ്റ് ഫണ്ട് എന്ന പേരിൽ 5000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികൾ മനോജിനെ സമീപിച്ചു. എന്നാൽ 3000 രൂപയേ നൽകാനാവൂ എന്ന് മനോജ് വ്യക്തമാക്കി. പാർട്ടി തരുന്ന രസീതിലെ തുക നൽകാനാവില്ലെന്നും മനോജ് പറഞ്ഞു. അന്ന് വൈകിട്ട് സുഭാഷ് മനോജിനെ ഫോണിൽ വിളിക്കുകയും 5000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടർന്ന് മനോജ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു.