പ്രാണരക്ഷാർത്ഥം നാടുനീളെ പാഞ്ഞ നായയെ സഹായിച്ചത് ഫയർ ഫോഴ്സ്

dog pot

പ്രാണരക്ഷാർത്ഥം നായ നാടുനീളെ പാഞ്ഞു. ഒടുവിൽ സഹായിച്ചത് ഫയർഫോഴ്‌സ്‌. തലയൂരാനാകാത്ത പ്രശ്നത്തിൽ നിന്ന് നായയെ ഫയർഫോഴ്‌സ്‌ രക്ഷപെടുത്തി. വെള്ളം കുടിക്കാൻ കുടത്തിൽ തലയിട്ടതാണ് ഗുലുമാലായത്. നായ തിരിയെ തലയൂരാൻ സാധിക്കാതെ ഒരുമണിക്കൂറോളം നാടുനീളെ പാഞ്ഞു. 15 മിനിറ്റ് നേരത്തെ പരിശ്രമംകെ‌ാണ്ട് കുടം അറുത്തുമാറ്റിയാണ് നായയെ ഫയർഫോഴ്‌സ്‌ രക്ഷിച്ചത്. ഫയർ ഫോഴ്സ് രക്ഷകരായത് നായയ്ക്കു മാത്രമായിരുന്നില്ല. തെ‌ാട്ടടുത്ത് അങ്കണവാടിയിൽ പഠിക്കുന്ന 20 കുട്ടികൾക്കു കൂടിയാണ്. സംഭവം നടന്നത് വൈക്കത്തെ വല്ലകം സബ് സ്റ്റേഷനടുത്തുള്ള അങ്കണവാടിക്കു സമീപം. ഇന്നലെ രാവിലെ 10ന് ആയിരുന്നു നായയുടെ പ്രാണരക്ഷാർഥമുള്ള പരക്കം പാച്ചിൽ. സമീപപ്രദേശങ്ങളിൽ ഓടിനടന്ന നായ അങ്കണവാടിയിൽ എത്തിയതോടെ കുട്ടികൾ പരിഭ്രാന്തരായി.

അങ്കണവാടി അധ്യാപിക അറിയിച്ചതനുസരിച്ചാണു ഫയർ ഫോഴ്സ് എത്തിയത്. അങ്കണവാടിയുടെ പരിസരങ്ങളിലൂടെ കറങ്ങിനടന്നു ഭക്ഷണം കഴിച്ചു വളരുന്ന നായയാണിത്. തെ‌ാട്ടടുത്ത വീട്ടിലെ കുടത്തിലാണു തല കടത്തി കുടുങ്ങിയത്. ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിലാണു സംഘം സ്ഥലത്തെത്തിയത്.