റിയല്‍ എസ്റ്റേറ്റ് ബ്രോക്കർ കൊലപാതകം; അഡ്വ. ഉദയഭാനുവിനും പങ്കുണെന്ന് തെളിവുകൾ

udhayabhanu

രാജീവിന്റെ കൊലപാതകത്തിന്റെ പിന്നിൽ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ പകയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രാജീവിനു അഡ്വ. ഉദയാഭാനുവുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നത്തിന്റെ തെളുവുകൾ പോലീസ് കണ്ടെത്തിയിരുന്നു. അഭിഭാഷകന്റെ പേരില്‍ കരാറെഴുതിയ ഭൂമിയിടപാടിന്റെ രേഖകളും പൊലീസിന്റെ പക്കലുണ്ട്.

ഭൂവുടമകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകന്റെ ആവശ്യപ്രകാരം കൂടിയാണ് രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയതെന്ന് പ്രതികള്‍ നേരത്തേ മൊഴിനല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയായതിനാല്‍ പതിനാറാം തീയതി വരെ അഭിഭാഷകനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ്ഡയറിയും തെളിവുകളും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൊലയ്ക്കു പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണം തുടരുകയാണ്.

രാജീവ് കൊലക്കേസില്‍ ഇതുവരെ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട നാലു പേരുടെ തിരിച്ചറിയൽ പരേഡ് തിങ്കളാഴ്ച നടക്കും. പ്രതികളിൽ ഒരാളെ കൊലപാതക ദിവസം നേരിട്ടു കണ്ട പ്രദേശവാസി ബാബുവിന്റെ മുന്നിലാണു തിരിച്ചറിയൽ പരേഡ്. ചക്കര ജോണി എന്നറിയപ്പെടുന്ന അങ്കമാലി ചെറുമഠത്തിൽ ജോണി ആണ് കേസിലെ മുഖ്യപ്രതി. പ്രതികളെ തിരിച്ചറിയൽ പരേഡിനു ശേഷം പൊലീസ് കസ്റ്റഡിയിൽ ലഭിക്കുന്നതിനു കോടതിയിൽ അപേക്ഷ നൽകാനിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.