Tuesday, April 23, 2024
Homeപ്രാദേശികംമിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം 8ന്- രാജു ഏബ്രഹാം എംഎല്‍എ

മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം 8ന്- രാജു ഏബ്രഹാം എംഎല്‍എ

പെരുനാട് മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം 8ന് പകല്‍ 3ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. പെരുനാട് മഠത്തുംമൂഴിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷനാകും. കെടിടം പണി പൂര്‍ത്തിയാകുന്നതോടെ മലയോരമേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴിലാക്കാന്‍ സാധിക്കും. മഠത്തുംമൂഴി ഇടത്താവളത്തിന് തൊട്ടുമുകളിലായി റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കെട്ടിടം നിര്‍മ്മിക്കാനായി വിട്ടു നല്‍കിയത്. 3 നിലകളിലായി നിര്‍മ്മിക്കുന്ന മിനി സിവില്‍ സ്റ്റേഷന് 1038 ച. മീറ്ററാണ് ആകെ വിസ്തീര്‍ണ്ണം. ഇതിന്റെ ആദ്യ ഘട്ട നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണത്തിനായി രാജു ഏബ്രഹാം എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 1.05 കോടി രൂപയാണ് ചെലവഴിക്കുക. ഗ്രൌണ്ട് ഫ്ളോറും ഒന്നാം നിലയുടെ നിര്‍മ്മാണവുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. താഴത്തെ നിലയില്‍ വിശാലമായ പാര്‍ക്കിങ് ഏരിയയും ഇലക്ട്രിക്കല്‍ മുറിയും 3 ടോയ്ലറ്റുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിത്തില്‍ 2 സ്റ്റെയര്‍കേസുകളും ഉണ്ട്. ഒന്നാം നിലയില്‍ 6 ഓഫീസ് മുറികളും വരാന്തയും 4 ടോയ്ലറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. മുകളിലേക്കുള്ള നിലകളെല്ലാം ഇതേ അനുപാതത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇപ്പോള്‍ പെരുനാട്ടില്‍ സ്വകാര്യ കെട്ടിടങ്ങളിലാണ് സബ് രജിസ്ട്രാര്‍ ഓഫീസും പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസും എക്സൈസ് ഓഫീസും പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിന്റെ പഴയ കെട്ടിടങ്ങളിലാണ് സബ് ട്രഷറി, വില്ലേജ് ഓഫീസ്, പൊലീസ് സ്റ്റേഷന്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ ഐ സിഡിഎസ് ഓഫീസും ഉണ്ട്. പെരുനാട് മാര്‍ക്കറ്റ്, മഠത്തുംമൂഴി വലിയപാലം, കൊച്ചുപാലം ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാമായി ചിതറി കിടക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകളെയെല്ലാം പുതിയ മിനി സിവില്‍ സ്റ്റേഷന്‍ വരുന്നതോടെ ഒരു കുടക്കീഴിലാക്കാന്‍ സാധിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments