ഉപയോഗശൂന്യമായ ക്വാറികള്‍ക്ക് സംരക്ഷണമതില്‍ സ്ഥാപിക്കണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍

ഉപയോഗശൂന്യമായ ക്വാറികള്‍ക്ക് സംരക്ഷണമതില്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം കാണിച്ച് റവന്യൂവകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന സി.യു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായ ക്വാറികളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനാധികൃതരും ജില്ലാ ജിയോളജിസ്റ്റുകളും ജില്ലാ കളക്റ്റര്‍മാര്‍ക്ക് ലഭ്യമാക്കണം. അപകടസാധ്യതയുളള ക്വാറികള്‍ക്കും പാറമടകള്‍ക്കും സമീപം അപായസൂചന നല്‍കുന്ന ബോര്‍ഡുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥാപിക്കണം. ഇതിനുവേണ്ടിവരുന്ന ചെലവ് ക്വാറി ഉടമകളില്‍നിന്ന് ഈടാക്കാവുന്നതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഉചിതമെന്നു തോന്നുന്നപക്ഷം, ഉപയോഗശൂന്യമായ ക്വാറികളും പാറമടകളും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം അവയുടെ ഉടമകളില്‍ നിക്ഷിപ്തമാക്കി നിയമനിര്‍മ്മാണം നടത്തുന്ന കാര്യം ചിന്തിക്കാവുന്നതാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 50 ദിവസത്തിനുളളില്‍ കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.