ചവറ എംഎൽഎയുടെ മകനെതിരായ വാർത്തകൾ നൽകുന്നതിന് ഏർപ്പെടുത്തിയ വിലക്കിന് ഹൈക്കോടതി സ്റ്റേ

High court

ചവറ എംഎൽഎ എൻ. വിജ‍യൻപിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെതിരായ വാർത്തകൾ നൽകുന്നതിന് കരുനാഗപ്പള്ളി കോടതി ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കീഴ്ക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റീസ് കമാൽ പാഷ വിലക്ക് സ്റ്റേ ചെയ്തത് . ഇതോടെ ശ്രീജിത്തിനെതിരായ വാർത്തകൾ നൽകുന്നതിന് മാധ്യമങ്ങൾക്കോ വാർത്താസമ്മേളനം നടത്തുന്നതിന് മറ്റുകക്ഷികൾക്കോ മുന്നിലുള്ള തടസങ്ങൾ നീങ്ങി.

സാമ്പത്തിക തട്ടിപ്പ് കേസ് സംബന്ധിച്ച് മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അതിനാൽ അത്തരം വാർത്തകൾ നൽകുന്നതിന് വിലക്കേർപ്പെടുത്തണമെന്നുമുള്ള ശ്രീജിത്തിന്‍റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി വിലക്ക്. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിനും രാഹുൽ കൃഷ്ണയ്ക്കും നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് കമാൽ പാഷ ഉത്തരവിട്ടു. കീഴ്ക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഒരു മാധ്യമസ്ഥാപനം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ശ്രീജിത്തിനെതിരായ വാർത്തകൾക്ക് വിലക്കേർപ്പെടുത്തിയതോടെ, ബിനോയ് കോടിയേരിയുടെ പണതട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിടാനിരുന്ന യുഎഇ പൗരൻ, വാർത്താസമ്മേളനം റദ്ദാക്കുകയും മടങ്ങിപ്പോവുകയും ചെയ്തിരുന്നു. വാർത്തകൾ വിലക്കിയ കരുനാഗപ്പള്ളി കോടതിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയർന്നിരുന്നു.