വിഎം സുധീരന്റെ വീട്ടിലെ ‘കൂടോത്രം’ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയമായി

v m sudheeran koodothram

കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഎം സുധീരന്റെ വീട്ടില്‍ ‘കൂടോത്രം’. സുധീരന്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.  ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള പൂന്തോട്ടത്തിൽ നിന്നാണ് കൂടോത്രം ചെയ്ത ലോഹവസ്തുക്കൾ കണ്ടെത്തിയത്. വീട്ടുവളപ്പിൽ നിന്നും ഇത്തരം വസ്തുക്കൾ കണ്ടെത്തിയ കാര്യം വിഎം സുധീരൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പൂന്തോട്ടത്തിലെ വാഴച്ചുവട്ടിൽ നിന്നും ഒരു കുപ്പിയിൽ അടക്കം ചെയ്ത നിലയിൽ ഇരുമ്പ് തകിടിൽ കൊത്തിയെടുത്ത കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ തുടങ്ങിയവ ലഭിച്ചെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.ഒമ്പതാം തവണയാണ് ഇത്തരത്തിൽ കൂടോത്ര വസ്തുക്കൾ കണ്ടെത്തുന്നതെന്നും വിഎം സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുൻപ് മറ്റു പല രൂപങ്ങളായിരുന്നു ലഭിച്ചിരുന്നത്. തുടർച്ചയായി ഇങ്ങനെയുള്ള വസ്തുക്കൾ കണ്ടെത്തുന്നതിനാലാണ് ഇത്തവണ എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നതെന്നും, വസ്തുക്കൾ മെഡിക്കൽ കോളേജ് പോലീസിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഈ പരിഷ്കൃതകാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങി തിരിക്കുന്നവരെ കുറിച്ച് ആലോചിച്ച് നമുക്ക് സഹതപിക്കാമെന്നും വിഎം സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഫേസ്ബുക്കിലെ ചെറിയ കുറിപ്പിനോടൊപ്പം വീട്ടുവളപ്പിൽ നിന്ന് ലഭിച്ച വസ്തുക്കളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. കുറിപ്പിൽ പറഞ്ഞതുപോലെ ആൾരൂപങ്ങളും, കൈകളും, കണ്ണും, വെള്ളക്കലുകളുമെല്ലാമാണ് ചിത്രത്തിലുള്ളത്. ഇത്തിരി ഗൗരവമായിട്ടാണ് വിഎം സുധീരൻ ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെങ്കിലും മലയാളികൾ അത് വേറെ ലെവലിലാണ് ഏറ്റെടുത്തത്. കൂടോത്ര സാമഗ്രഹികളും കുറിപ്പും പോസ്റ്റ് ചെയ്തതിന് പിന്നാലെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും ഒരു സിപിഎമ്മുകാരനായിരിക്കും ഈ കൂടോത്രം ചെയ്തിട്ടുണ്ടാകുകയെന്നും, മിക്കവാറും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞുവിട്ടതാകാനാണ് സാദ്ധ്യതയെന്നുമായിരുന്നു ഒരാളുടെ കമന്റ്.സംഭവം ചാത്തൻസേവയാണെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഈ പണികൾ കൊണ്ടാണ് സുധീരന് കെപിസിസി പ്രസിഡന്റ് സ്ഥാനം പോയതെന്നും, ഇനിയും പണികൾ വരുമെന്നും ഇയാൾ പറയുന്നു. നേതാവിനെ കാത്തു കൊള്ളണമേ എന്നു പ്രാർത്ഥിക്കുന്ന ഇയാൾ പെരിങ്ങോട്ടുകര കാവിൽ പോകാൻ വിഎം സുധീരനെ ഉപദേശിച്ചിട്ടുമുണ്ട്.കൂടോത്രം ചെയ്തവർക്ക് മറുപണി കൊടുക്കാൻ വിഎം സുധീരൻ ഒരു ജോത്സ്യനെ കാണണമെന്നായിരുന്നു ഒരു വിദ്വാന്റെ ഉപദേശം. മറുപടി കൊടുത്തില്ലെങ്കിൽ നമ്മൾ പ്രതികരണശേഷി നഷ്ടപ്പെട്ടവരാണെന്ന് അവർ വിചാരിക്കുമത്രേ. അതേസമയം, പ്രിയങ്കരനായ നേതാവിന് ഒരു പോറൽ പോലുമേൽക്കില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകരും പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടൊന്നും വിഎം സുധീരന്റെ ജനപക്ഷ മനസും നിലപാടുകളും തകർക്കാനാവില്ലെന്നാണ് ഒരു കോൺഗ്രസുകാരന്റെ ഉറച്ച കമന്റ്.സുധീരൻ പറഞ്ഞതുപോലെ ഇത് പാഴ്വേല അല്ലെന്നും, സംഭവം നടക്കുന്നതാണെന്നുമാണ് ചിലരുടെ അഭിപ്രായം. അതേസമയം, ഈ കൂടോത്രവും ചാത്തൻസേവയുമെല്ലാം ശുദ്ധ തട്ടിപ്പാണെന്ന് മറ്റു ചിലരും കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും വിഎം സുധീരന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ കൂടോത്രമാണ് ഇപ്പോൾ ഫേസ്ബുക്കിലെ പ്രധാന ചർച്ചാവിഷയം. താമസിയാതെ ട്രോളൻമാരും വിഷയം ഏറ്റെടുക്കുന്നതോടെ കൂടോത്രം കത്തിക്കയറുമെന്നാണ് സോഷ്യൽമീഡിയയിലെ സംസാരം.