60 കാരിയുടെ മൃതദേഹം മകനും ഭര്‍ത്താവും ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചു

deadbody

ബിഹാറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് 60 കാരിയുടെ മൃതദേഹം മകനും ഭര്‍ത്താവും ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചു. സുശീലാദേവിയുടെ മൃതദേഹമാണ് ഭര്‍ത്താവ് ശങ്കര്‍ഷായും മകന്‍ പപ്പുവും ചേര്‍ന്ന് ആശുപത്രിയില്‍ നിന്ന് ബൈക്കില്‍ കെട്ടിവച്ച് വീട്ടിലെത്തിച്ചത്. ബിഹാറിലെ പുര്‍ണിയ ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് സുശീലാദേവി മരണപ്പെട്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതരോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും പുറത്തു നിന്നു സംഘടിപ്പിക്കാനായിരുന്നു അവര്‍ പറഞ്ഞത്. ഒരു ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചുവെങ്കിലും 2500 രൂപയാണ് ഇയാള്‍ വണ്ടിക്കൂലി ചോദിച്ചത്. ഈ തുക തനിക്ക് താങ്ങാവുന്നതിലും അധികമായതിനാല്‍ മകന്‍ പപ്പുവിന്റെ ബൈക്കിനു പിന്നിലിരുത്തി മൃതദേഹം കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ശങ്കര്‍ അറിയിച്ചു. അതേസമയം, ഈ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ നിലവില്‍ ആംബുലന്‍സുകള്‍ ഇല്ലെന്ന് അധികൃതര്‍ പ്രതികരിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഇതിനകംതന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.