ജൂലൈ 15 മുതല്‍ ഉത്തർപ്രദേശിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാനൊരുക്കം

ഉത്തര്‍പ്രദേശില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂലൈ 15 മുതല്‍ സംസ്ഥാനം പ്ലാസ്റ്റിക് രഹിതമാകണമെന്ന് ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശിലും ഇക്കാര്യം നടപ്പാക്കാനൊരുങ്ങുന്നത്. ‘ജൂലൈ 15 മുതല്‍ സംസ്ഥാനത്ത് സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനമാണ് ലക്ഷ്യമിടുന്നതെന്നും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും പ്ലാസ്റ്റിക് നിര്‍മ്മിത ഗ്ലാസ്സുകളുടെയും പാത്രങ്ങളുടെയും പോളിത്തീന്‍ കവറുകളുടെയും ഉപയോഗം ജൂലൈ 15 മുതല്‍ എല്ലാവരും അവസാനിപ്പിക്കണമെന്നും’ മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.മാര്‍ച്ചിലാണ് മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ എത്തിയത്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, വിതരണം, ഉപയോഗം എന്നിവ തടഞ്ഞുകൊണ്ടായിരുന്നു സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത്.