സർജറിയിലൂടെ നീക്കം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ അണ്ഡാശയ മുഴ

andashaya muzha

ഇരുപത്തിനാലുകാരിയായ യുവതിയുടെ വയറിൽ നിന്നും ലോകത്തിലെ ഏറ്റവും വലിപ്പമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. 33 കിലോ ഭാരമുള്ള അണ്ഡാശയ മുഴയാണ് മെക്‌സിക്കന്‍ യുവതിയുടെ ശരീരത്തില്‍ നിന്ന് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മുഴയ്ക്ക് 157 സെന്റീമീറ്റര്‍ ചുറ്റളവാണ് തിട്ടപ്പെടുത്തിയത്. യുവതിയുടെ വയറിന്റെ 95 ശതമാനവും മുഴ വ്യാപിച്ചിരിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനിടയാണ് ഇത്രയും വലിപ്പത്തില്‍ ശരീരത്തില്‍ മുഴവളര്‍ച്ചയുണ്ടായത്. മെക്‌സിക്കോ ജനറല്‍ ഹോസ്പിറ്റലിലായിരുന്നു വിജയകരമായ ശസ്ത്രക്രിയ. ചികിത്സയ്ക്ക് വിധേയയായ 24 കാരിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അണ്ഡാശയത്തില്‍ നിന്ന് നീക്കം ചെയ്ത മുഴയ്ക്ക് ഏതാണ്ട് പത്ത് നവജാത ശിശുക്കളുടെ അത്രയും ഭാരമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. അതായത് 10 വയസ് പ്രായമുള്ള ഒരു സാധാരണ കുട്ടിയുടെ ശരീരഭാരത്തോളം വരും ഇത്. ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി ആരോഗ്യവതിയായി ആശുപത്രി വിട്ടശേഷമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ലോകത്ത് സര്‍ജറിയിലൂടെ നീക്കം ചെയ്തതില്‍ ഏറ്റവും വലിയ മുഴയാണ് യുവതിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. നേരത്തേ ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന് യുവതി ഡയറ്റിംഗിയിലായിരുന്നു. ഇതേ തുടര്‍ന്ന് കൈകാലുകളും മുഖവും മെലിഞ്ഞെങ്കിലും വയറിന്റെ വണ്ണം കൂടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ചികിത്സ തേടിയത്. 2 പടി കയറുമ്പോഴേക്കും ഭീകരമായ കിതപ്പ് അനുഭവപ്പെടുന്ന നിലയിലാണ് രോഗി തന്റെയടുത്ത് എത്തിയതെന്ന് ഡോ.എറിക് ഹാന്‍സണ്‍ വ്യക്തമാക്കുന്നു. മുഴ ആന്തരികാവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ ഇത്തരത്തില്‍ നിരവധി ശാരീരിക ബുദ്ധിമുട്ടുകളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. മുഴയുടെ ക്രമാതീതമായ വളര്‍ച്ച കാരണം ശ്വസനപ്രക്രിയ താളം തെറ്റിയിരുന്നു. നടക്കാനും ഭക്ഷണം കഴിക്കാനും പ്രതിസന്ധി നേരിട്ടു. മുഴയുടെ വലിപ്പം ഇനിയും വര്‍ധിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഒട്ടും ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുമായിരുന്നു. ഇതുമൂലം പോഷക ഘടകങ്ങള്‍ ശരീരത്തിലെത്താതെ മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഓപ്പറേഷനിലൂടെ എത്രയും വേഗം മുഴ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. സങ്കീര്‍ണ്ണമെങ്കിലും ശസ്ത്രക്രിയ പൂര്‍ണ്ണ വിജയമായിരുന്നു. രണ്ട് നാളുകള്‍ക്ക് ശേഷം അവര്‍ കാല്‍നടയായി തന്നെ ആശുപത്രി വിടുകയും ചെയ്തു. ആറുമാസത്തിനിപ്പുറം യുവതി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. വയര്‍ ഒതുങ്ങിയതിനാല്‍ അവര്‍ക്കിപ്പോള്‍ നേരെ നില്‍ക്കാനും നല്ല രീതിയില്‍ നടക്കാനും സാധിക്കുന്നതായും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.