സ്വവര്‍ഗാനുരാഗികള്‍ക്ക് കോടതി സ്വാതന്ത്ര്യം അനുവദിച്ചു ; ഐ.പി.സി 377 റദ്ദാക്കി

സ്വവര്‍ഗ്ഗാനുരാഗം സംബന്ധിച്ച ഐ.പി.സി 377 റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച്‌ കോഴിക്കോടും ആഹ്ലാദപരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ നടന്ന ആഘോഷപരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കപ്പുറം അവരുടെ മനുഷ്യാവകാശങ്ങളെ അംഗീകരിക്കുന്ന നിരവധിയാളുകളും ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്തു. എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍ പെട്ട നിരവധിയാളുകളും പങ്കെടുത്തു. കേരളത്തില്‍ തൃശൂരില്‍ സാഹിത്യ അക്കാദമിക്കടുത്തും എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷനിലും ആഘോഷപരിപാടികള്‍ നടന്നു. കോഴിക്കോട് നടന്ന ആഘോഷ പരിപാടിയില്‍ ഗാര്‍ഗി ഹരിതകം, സിസില തുടങ്ങിയവര്‍ സംസാരിച്ചു. ഈ വിധി കോടതി നല്‍കുന്ന ആനുകൂല്യമല്ല, മറിച്ച്‌ എല്ലാ മനുഷ്യര്‍ക്കുമുള്ളത് പോലുള്ള സ്വാതന്ത്ര്യത്തിന് അവരും അര്‍ഹരാണെന്ന് ഗാര്‍ഗി പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്ക് കോടതി അനവദിച്ചുനല്‍കേണ്ട ഒന്നായിരുന്നില്ല ഈ സ്വാതന്ത്ര്യം. എന്നിരുന്നാലും ഇത്ര വൈകിയും അങ്ങനൊരു വിധിപ്രഖ്യാപനം കോടതി നടത്തിയതില്‍ സന്തോഷിക്കുന്നു. ഇത്രയും കാലം ഒരുമിച്ചിരുന്നാല്‍ പോലും അറസ്റ്റ് ചെയ്യാന്‍ വന്നിരുന്നവര്‍ ഇനിയെങ്കിലും എല്ലാവരും മനുഷ്യരാണെന്നുള്ള കാര്യം മനസ്സിലാക്കണം. ഗാര്‍ഗി പറഞ്ഞു.