Saturday, April 20, 2024
HomeKeralaഗുണ്ടാ നേതാവിനെ ബിജെപി ശബരിമലയില്‍ എത്തിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഗുണ്ടാ നേതാവിനെ ബിജെപി ശബരിമലയില്‍ എത്തിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലെ ഗുണ്ടാ നേതാവിനെ ബിജെപി ശബരിമലയില്‍ എത്തിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു .’ആചാര സംരക്ഷകന്‍’ എന്ന ആട്ടിന്‍തോലണിഞ്ഞ് ശബരിമലയില്‍ എത്തിയ വല്‍സന്‍ എത്ര മാത്രം ആചാര ലംഘനമാണ് നടത്തിയതെന്ന് യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ കലാപം അഴിച്ചു വിട്ട് ‘രാഷ്ട്രീയ സുവര്‍ണാവസരം’ ഉണ്ടാക്കുന്നതിനായാണ് ബി ജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുണ്യ പരിപാവനമായ പതിനെട്ടാം പടി ഇരുമുടി കെട്ടില്ലാതെ ചവിട്ടരുത് എന്നല്ലേ ആചാരം? എന്നിട്ടീ ‘ആചാരസംരക്ഷകര്‍’ എന്താണവിടെ കാണിക്കുന്നത്? ഇവര്‍ക്ക് ഇരുമുടിക്കെട്ടില്ലാതെയും ക്ഷേത്രത്തിന് പിന്‍തിരിഞ്ഞു നിന്നും വെല്ലുവിളിക്കാന്‍ ഉള്ളതാണോ ഭക്തര്‍ പരിപാവനമായി കണക്കാക്കുന്ന പതിനെട്ടാം പടി? ഈ ആചാരലംഘനത്തെ കുറിച്ച്‌ തന്ത്രിസമൂഹത്തിന്റെ പ്രതികരണം അറിയാന്‍ ആഗ്രഹമുണ്ട്.

അയ്യപ്പ ദര്‍ശനത്തിനായി എത്തിയ 52 വയസ് പിന്നിട്ട സ്ത്രീയെ, അയ്യപ്പഭക്തയായ മാളികപ്പുറത്തെ ‘കൊല്ലെടാ അവളെ’ ആക്രോശവുമായി ആക്രമിക്കുന്ന ആര്‍.എസ്.എസ് തീവ്രവാദികളെ മലയാളികള്‍ ഇന്ന് ഞെട്ടലോടെയാണ് കണ്ടത്. മാളികപ്പുറത്തോടൊപ്പം എത്തിയ അയ്യപ്പനെയും കുഞ്ഞ് മാളികപ്പുറത്തെയും വരെ അക്രമിച്ചു ഈ തീവ്രവാദി കൂട്ടം. മാധ്യമങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ശാന്തിയും സമാധാനവും തേടി അയ്യപ്പഭക്തര്‍ എത്തിയിരുന്ന പുണ്യസ്ഥാനത്തെ കലാപഭൂമിയാക്കി മാറ്റുവാന്‍ സംഘപരിവാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ശബരിമലയെ ബി.ജെ.പി ഒരു കുരുതി കളമാക്കാന്‍ ശ്രമിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവുകള്‍ ആവശ്യമില്ല.

ശ്രീധരന്‍പിള്ള പറഞ്ഞതുപോലെ ഇത് അവരെ സംബന്ധിച്ചിടത്തോളം 4 വോട്ട് കൂടുതല്‍ നേടാനുള്ള കേവലം സുവര്‍ണാവസരം മാത്രമാണ്. അല്ലാതെ അവര്‍ക്ക് ഇതിനുപിന്നില്‍ യാതൊരുവിധ ഭക്തി സംരക്ഷണവും അല്ല. ശബരിമലയെ ഒരു കുരുതിക്കളമാക്കി കേരളമാകെ കലാപം അഴിച്ചുവിടുക എന്നത് തന്നെയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതിനുവേണ്ടി മാത്രമാണ് ഇന്നലെ വരെ തിരിഞ്ഞു നോക്കാത്തവര്‍ പെട്ടെന്ന് അയ്യപ്പഭക്തരായി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മാത്രം ശബരിമലയില്‍ എത്തിയത്. ഈ കള്ളനാണയങ്ങളെ, കപട ഭക്തരെ, മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളെ, ചോരക്കൊതിയന്‍മാരെ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments